സ്വതന്ത്രമായി നില്‍ക്കും, കാനത്തിന് മറുപടി നല്‍കേണ്ടതില്ല: പ്രതികരിച്ച് ജോസ് കെ മാണി

സ്വതന്ത്രമായി നില്‍ക്കും, കാനത്തിന് മറുപടി നല്‍കേണ്ടതില്ല: പ്രതികരിച്ച് ജോസ് കെ മാണി

എല്‍ ഡി എഫ് പ്രവേശനം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ജോസ് കെ മാണി. സ്വതന്ത്രമായ നിലപാട് സ്വീകരിച്ച് ഇരുമുന്നണിയിലുമില്ലാതെ നില്‍ക്കാനാണ് നിലവിലെ തീരുമാനം. അതുകൊണ്ട് കാനം രാജേന്ദ്രന് മറുപടി നല്‍കേണ്ട കാര്യമില്ല. കേരളത്തിലെ യുഡിഎഫില്‍ ഇല്ലെങ്കിലും ദേശീയതലത്തില്‍ യുപിഎയുടെ ഭാഗമാണ്.

നേരത്തെയും യുഡിഎഫ് വിട്ടപ്പോഴും ദേശീയ രാഷ്ട്രീയത്തിന്റെ ഭാഗമായി യുപിഎക്ക് ഒപ്പമായിരുന്നുവെന്നും ജോസ് കെ മാണി പറഞ്ഞു. ജോസ് വിഭാഗത്തെ യുഡിഎഫില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ ഇടതുപ്രവേശനം സംബന്ധിച്ച ചര്‍ച്ചകളും നടന്നിരുന്നു. എന്നാല്‍ ഇതിനെതിരെ കാനം രാജേന്ദ്രന്‍ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്തു

ജോസ് വിഭാഗത്തെ മുന്നണിയിലേക്ക് എടുക്കുന്നതിന് സിപിഎമ്മിന് അനുകൂല നിലപാടാണുള്ളത്. മധ്യതിരുവിതാംകൂറില്‍ ജോസ് വിഭാഗത്തിന് ശക്തമായ അടിത്തറിയുണ്ടെന്നാണ് പാര്‍ട്ടിയുടെ നിലപാട്. കോടിയേരി ബാലകൃഷ്ണനുള്‍പ്പെടെ ജോസ് വിഭാഗത്തെ പരോക്ഷമായി സ്വാഗതം ചെയ്യുന്ന പരാമര്‍ശവും നടത്തിയിരുന്നു.

എന്നാല്‍ ജോസ് പക്ഷത്തെ എടുത്താല്‍ തുടര്‍ ഭരണ സാധ്യത നഷ്ടപ്പെടുമെന്നായിരുന്നു കാനം രാജേന്ദ്രന്റെ പ്രതികരണം. വില പേശുന്ന പാര്‍ട്ടിയെ സ്വീകരിച്ചല്ല മുന്നണിയുടെ അടിത്തറ വികസിപ്പിക്കേണ്ടതെന്നും കാനം പറഞ്ഞിരുന്നു.

Share this story