കുറ്റവാളികളെ സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനില്ല; ഏത് അന്വേഷണവും നടക്കട്ടെയെന്ന് മുഖ്യമന്ത്രി

കുറ്റവാളികളെ സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനില്ല; ഏത് അന്വേഷണവും നടക്കട്ടെയെന്ന് മുഖ്യമന്ത്രി

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായി ഉയര്‍ന്ന ആരോപണങ്ങളില്‍ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തെ വിമാനത്താവളങ്ങളില്‍ നടക്കുന്ന കാര്യങ്ങള്‍ കൃത്യതയോടെ ആകാനുള്ള സംവിധാനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. അതില്‍ അപാകതകള്‍ വന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടും. ഇവിടുത്തെ സംസ്ഥാന സര്‍ക്കാരിന് അതിലൊന്നും ചെയ്യാനാകില്ല

കള്ളക്കടത്ത് തടയാനാണ് വിപുലമായ തോതില്‍ കസ്റ്റംസിനെ വിന്യസിച്ചിരിക്കുന്നത്. ഇത് വെട്ടിച്ചും ചില ഘട്ടത്തില്‍ കള്ളക്കടത്ത് നടക്കാറുണ്ട്. അത് സംസ്ഥാന സര്‍ക്കാരുമായി എങ്ങനെയാണ് ബന്ധപ്പെടുന്നത്. കള്ളക്കടത്ത് തടയാന്‍ നിയോഗിക്കപ്പെട്ട കസ്റ്റംസുണ്ട്.

പാഴ്‌സല്‍ സര്‍ക്കാര്‍ ഏജന്‍സിക്കാണോ വന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. അത് അഡ്രസ് ചെയ്തത് യുഎഇ കോണ്‍സുലേറ്റിലേക്കാണ്. യുഎഇ കോണ്‍സുലേറ്റിന്റെ അധികാരപത്രം ഉപയോഗിച്ചാണ് കാര്യങ്ങള്‍ നടത്തിയത്. ഇതില്‍ സംസ്ഥാനത്തിന് മറുപടി നല്‍കാനാകുമോ. നിങ്ങള്‍ക്കുള്ള അറിവേ സംസ്ഥാന സര്‍ക്കാരിനുമുള്ളു.

ഈ പ്രശ്‌നത്തില്‍ ഒരു വിവാദ വനിതയുണ്ടായി. ഈ വനിതക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ഒരു ബന്ധവുമില്ല. ഇവിടെ ഐടി വകുപ്പുമായി ഇവര്‍ക്ക് നേരിട്ട് ബന്ധമില്ല. ഐടി വകുപ്പിന് കീഴിലെ ഒരു പ്രൊജക്ടില്‍ കരാര്‍ ജോലിയാണ്. ഇവരെ ജോലിക്ക് എടുത്തത് പ്ലേസ്‌മെന്റ് ഏജന്‍സി വഴിയാണ്. ഇത്തരം പ്രൊജക്ടുകളിലേക്ക് താത്കാലിക നിയമനം നടത്തുന്നത് അസ്വാഭാവികമല്ല. ഇവരുടെ നിയമനത്തില്‍ ശുപാര്‍ശയുണ്ടോയെന്ന് എനിക്കറിയില്ല

കേരള സര്‍ക്കാര്‍ ഏജന്‍സിക്ക് വേണ്ടി ചെയ്ത ജോലിയില്‍ തട്ടിപ്പ് നടന്നതായി പരാതിയില്ല. കേരള സര്‍ക്കാരിന് ഇതില്‍ ഉത്തരവാദിത്വമില്ല. ഇത്തരം ആളുകളെ സംരക്ഷിക്കാന്‍ കേരള സര്‍ക്കാര്‍ ഒരു നിലപാടും എടുക്കില്ല. ഒരു കുറ്റവാളിയെയെയും അതാരായാലും സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

Share this story