സ്വര്‍ണക്കടത്ത് കേസില്‍ കോണ്‍സുലേറ്റ് അറ്റാഷെയുടെ പങ്കെന്ത്; ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്

സ്വര്‍ണക്കടത്ത് കേസില്‍ കോണ്‍സുലേറ്റ് അറ്റാഷെയുടെ പങ്കെന്ത്; ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്

സ്വര്‍ണക്കടത്ത് കേസില്‍ യുഎഇ കോണ്‍സുലേറ്റ് അറ്റാഷെയെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് നടപടി ആരംഭിച്ചു. അറ്റാഷെ റഷീദ് ഖാമിസ് അല്‍ അഷ്മിയയെയാണ് ചോദ്യം ചെയ്യുക. ഇതിനായി കസ്റ്റംസ് കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടി

കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണര്‍ കേന്ദ്ര പരോക്ഷ നികുതി ബോര്‍ഡിനാണ് കത്ത് നല്‍കിയത്. ബോര്‍ഡ് അപേക്ഷ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറും. സ്വര്‍ണമടങ്ങിയ ഡിപ്ലോമാറ്റിഗ് ബാഗേജ് എത്തിയത് അറ്റാഷയുടെ പേരിലാണ്. എന്നാല്‍ ഭക്ഷണ വസ്തുക്കള്‍ മാത്രമേ ആവശ്യപ്പെട്ടിട്ടുള്ളുവെന്നും സ്വര്‍ണം കൊണ്ടുവന്നതില്‍ ബന്ധമില്ലെന്നുമാണ് അറ്റാഷെയുടെ വിശദീകരണം

അതേസമയം അറ്റാഷെ ഒപ്പിട്ട കത്തുമായാണ് സരിത്ത് ബാഗേജ് എടുക്കാന്‍ വിമാനത്താവളത്തില്‍ എത്തിയത്. ഇത് വ്യാജമാണോയെന്ന് പരിശോധിക്കുന്നുണ്ട്. ഇതിലൊക്കെ വ്യക്തത വരുത്താനാണ് അറ്റാഷെയെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്.

യുഎഇ കോണ്‍സുലേറ്റ് ജനറല്‍ ഓഫീസ് ഗുരുതര പ്രോട്ടോക്കോള്‍ ലംഘനം നടത്തിയെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍. ഇക്കാര്യം കേന്ദ്രത്തെ അറിയിക്കും. സാധാരണയായി കോണ്‍സുലേറ്റിന്റെ പ്രത്യേകം ചുമതലപ്പെടുത്തിയ ജീവനക്കാരനാണ് ബാഗേജ് കൈപ്പറ്റേണ്ടത്. എന്നാല്‍ സരിത് ഇത് നിയമവിരുദ്ധമായാണ് കൈപ്പറ്റാനെത്തിയത്. തന്റെ സ്വകാര്യ ആവശ്യങ്ങള്‍ക്കായാണ് സരിത്തിനെ ചുമതലപ്പെടുത്തിയതെന്ന അറ്റാഷെയുടെ വാദവും സംശയകരമാണ്.

പിടിയിലാകും മുമ്പ് തന്റെ ഫോണിലെ വിവരങ്ങള്‍ സരിത്ത് നശിപ്പിച്ചിരുന്നു. ഫോണ്‍ ഫോര്‍മാറ്റ് ചെയ്താണ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയത്. വിവരങ്ങള്‍ വീണ്ടെടുക്കാന്‍ കസ്റ്റംസ് ശ്രമം ആരംഭിച്ചിട്ടുണ്ട്.

Share this story