കൊവിഡ് ഭീതിയില്‍ വിറങ്ങലിച്ച് പൂന്തുറ; 600 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 119 പേര്‍ക്കും രോഗം

കൊവിഡ് ഭീതിയില്‍ വിറങ്ങലിച്ച് പൂന്തുറ; 600 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 119 പേര്‍ക്കും രോഗം

തിരുവനന്തപുരം പൂന്തുറയില്‍ സ്ഥിതി അതീവ രൂക്ഷം. കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി 600 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 119 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ പ്രദേശത്ത് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചു

ഒരാളില്‍ നിന്ന് 120 പേര്‍ പ്രാഥമിക സമ്പര്‍ക്കത്തിലും 150ഓളം പേര്‍ ദ്വിതീയ സമ്പര്‍ക്കത്തിലും വന്നിരുന്നു. അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചീഫ് സെക്രട്ടറിയും ആരോഗ്യ സെക്രട്ടറിയും പോലീസ് മേധാവിയും ജില്ലാ കലക്ടറും സ്ഥിതിഗതികള്‍ വിലയിരുത്തി

പുറത്തുനിന്ന് ആളുകള്‍ പൂന്തുറയിലേക്ക് എത്തുന്നത് തടയും. അതിര്‍ത്തികള്‍ അടച്ചിടും. കടല്‍വഴി ആളുകള്‍ എത്താതിരിക്കാനും കോസ്റ്റല്‍ പോലീസിന് നിര്‍ദേശം നല്‍കി. പൂന്തുറയിലെ മൂന്ന് വാര്‍ഡുകളില്‍ നാളെ മുതല്‍ ഓരോ കുടുംബത്തിനും അഞ്ച് കിലോ വീതം സൗജന്യ റേഷന്‍ നല്‍കും. ഇതിന് കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പൂന്തുറയില്‍ ദ്രുതകര്‍മ സേനയെ വിന്യസിച്ചിട്ടുണ്ട്. ഇന്നലെ 37 പേര്‍ക്കാണ് പൂന്തുറ, വള്ളക്കടവ് ഭാഗങ്ങളില്‍ കൊവിഡ് സ്ഥിരീകരിച്ചത്.

Share this story