താൻ നിരപരാധിയാണ്; എല്ലാം റാഷിദ് പറഞ്ഞിട്ടാണ് ചെയ്തത്: മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ സ്വപ്‌ന 

താൻ നിരപരാധിയാണ്; എല്ലാം റാഷിദ് പറഞ്ഞിട്ടാണ് ചെയ്തത്: മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ സ്വപ്‌ന 

ഡിപ്ലോമാറ്റിക് ബാഗേജ് സ്വർണക്കടത്ത് കേസിൽ താൻ നിരപരാധിയാണെന്ന് സ്വപ്ന സുരേഷ്. സ്വർണക്കടത്തുമായി ബന്ധമില്ലെന്നും തനിക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയിൽ സ്വപ്ന പറയുന്നു.

യു.എ.ഇ. നയതന്ത്ര പ്രതിനിധിയെ പഴിച്ചാണ് സ്വപ്നയുടെ ജാമ്യഹർജി. യു.എ.ഇ. നയതന്ത്ര പ്രതിനിധിയായ റാഷിദ് ഖാമിസ് ആവശ്യപ്പെട്ടതനുസരിച്ച് മാത്രമാണ് താൻ പ്രവർത്തിച്ചത്. തിരുവനന്തപുരത്തെ കാർഗോ കോപ്ലക്സിൽ ബാഗേജ് ക്ലിയർ ചെയ്യാൻ കഴിയാതിരുന്നതോടെ കസ്റ്റംസ് ഉദ്യോഗസ്ഥരെ ബന്ധപ്പെടാൻ റാഷിദ് ഖാമിസ് തന്നോട് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷ്ണറെ വിളിച്ചതെന്നും ജാമ്യഹർജിയിൽ സ്വപ്ന വിശദീകരിക്കുന്നു.

സ്വർണം പിടിക്കുമെന്ന് ഉറപ്പായപ്പോൾ ബാഗേജ് തിരിച്ചയക്കാൻ ശ്രമം നടന്നിരുന്നുവെന്നും സ്വപ്ന വെളിപ്പെടുത്തി. ഈ സാഹചര്യത്തിൽ ബാഗേജ് തിരിച്ചയക്കാൻ ഒരു അപേക്ഷ തയ്യാറാക്കൻ റാഷിദ് ഖാമിസ് തന്നോട് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ ജൂലായ് മൂന്നിന് അപേക്ഷ തയ്യാറാക്കി ഖാമിസിന് ഇ മെയിൽ ചെയ്തിരുന്നുവെന്നും സ്വപ്നയുടെ വാദങ്ങളിൽ പറയുന്നു.

തന്റെ യോഗ്യത സംബന്ധിച്ച കോൺസുലേറ്റ് ജനറലിന്റെ സാക്ഷ്യപത്രം വ്യാജമല്ല. യു.എ.ഇ. കോൺസുലേറ്റിൽ നിന്ന് ജോലി അവസാനിപ്പിച്ചെങ്കിലും കോവിഡ് നിയന്ത്രണങ്ങൾ മൂലമുള്ള പ്രത്യേക സാഹചര്യത്തിൽ തനിക്ക് കോൺസുലേറ്റ് പ്രവർത്തനങ്ങളിലുള്ള അനുഭവ പരിചയം കണക്കിലെടുത്ത് പല കാര്യങ്ങളും തന്നെ ഏൽപ്പിക്കാറുണ്ടായിരുന്നുവെന്നും സ്വപ്ന പറയുന്നു

മാധ്യമങ്ങൾ ഇപ്പോൾ തന്നെ വിചാരണ ചെയ്യുകയാണെന്നും കേസിൽ ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നതായും ജാമ്യഹർജിയിൽ സ്വപ്ന വ്യക്തമാക്കുന്നു. സ്വപ്നയുടെ മുൻകൂർ ജാമ്യഹർജി വെള്ളിയാഴ്ച കോടതി പരിഗണിക്കുമെന്നാണ് സൂചന. കഴിഞ്ഞ അഞ്ച് ദിവസമായി ഒളിവിൽ കഴിയുന്ന സ്വപ്ന ബുധനാഴ്ച രാത്രി ഓൺലൈനായാണ് മുൻകൂർ ജാമ്യ ഹർജി നൽകിയിരുന്നത്.

Share this story