പ്രതിപക്ഷത്തിന് മഹാമാരിയില്‍ മുക്കിക്കൊല്ലാനുള്ള ദുഷ്ടത; മുഖ്യമന്ത്രി

പ്രതിപക്ഷത്തിന് മഹാമാരിയില്‍ മുക്കിക്കൊല്ലാനുള്ള ദുഷ്ടത; മുഖ്യമന്ത്രി

കൊവിഡ് നിയന്ത്രണങ്ങള്‍ അവഗണിച്ച് സമരം നടത്തുന്ന യുഡിഎഫിനെയും ബിജെപിയെയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് മുഖ്യമന്ത്രി. മഹാമാരിയില്‍ മുക്കിക്കൊല്ലാനുള്ള ദുഷ്ടതയാണ് പ്രതിപക്ഷത്തിനെന്ന് മുഖ്യമന്ത്രി ആരോപിച്ചു. സമരങ്ങളും പൂന്തുറയില്‍ ജനങ്ങള്‍ തെരുവിലിറങ്ങിയതുമാണ് പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിക്കാന്‍ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചത്.

പൂന്തുറയില്‍ ആന്റിജന്‍ ടെസ്റ്റിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് പ്രചാരണം നടത്തി. അത്യാപത്തിലേക്ക് തള്ളിവിടാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. 65 വയസ് കഴിഞ്ഞ നേതാക്കള്‍ സമരത്തിനിറങ്ങുന്നതും മുഖ്യമന്ത്രി പരാമര്‍ശിച്ചു. റിവേഴ്‌സ് ക്വാറന്റീനില്‍ കഴിയേണ്ട നേതാക്കളുടെ ജീവന്‍ അപകടത്തിലാക്കിയാകരുത് സമരമെന്നും മുഖ്യമന്ത്രി പറഞ്ഞു. സമരത്തെക്കുറിച്ച് ജനങ്ങള്‍ വിലയിരുത്തട്ടെയെന്നും നടപടികള്‍ ബാധകമല്ലെന്ന മട്ടില്‍ ഒരു കൂട്ടര്‍ ഒരുമ്പെട്ടിറങ്ങിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, സ്വര്‍ണക്കള്ളക്കടത്തു വിഷയത്തില്‍ സമരം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. മുഖ്യമന്ത്രിയുടെ വിമര്‍ശനം സ്വര്‍ണക്കടത്തിലെ കൊള്ള മറയ്ക്കാനെന്നാണ് പ്രതിപക്ഷ ആരോപണം. വിഷയത്തില്‍ സമരവുമായി മുന്നോട്ടു പോകുമെന്ന് പ്രതിപക്ഷ നേതാക്കള്‍ അറിയിച്ചു.

Share this story