കൊല്ലത്ത് മത്സ്യബന്ധനവും വിപണനവും പൂർണമായി നിരോധിച്ചു; തുറമുഖങ്ങൾ അടച്ചിടാനും കളക്ടറുടെ ഉത്തരവ്

കൊല്ലത്ത് മത്സ്യബന്ധനവും വിപണനവും പൂർണമായി നിരോധിച്ചു; തുറമുഖങ്ങൾ അടച്ചിടാനും കളക്ടറുടെ ഉത്തരവ്

കൊല്ലം ജില്ലയിൽ കടൽ മത്സ്യബന്ധനവും വിപണനവും പൂർണമായി നിരോധിച്ചു. കൊവിഡ് വ്യാപന ഭീതിയെ തുടർന്നാണ് നടപടി. അതേസമയം ചവറ കെഎംഎംഎല്ലിലെ ജീവനക്കാരെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു.

ജില്ലയിലെ എല്ലാ മത്സ്യബന്ധന തുറമുഖങ്ങളും അതിനോടനുബന്ധിച്ചുള്ള ലേല ഹാളുകളും പൂർണമായി അടച്ചിടാനാണ് ജില്ലാ കളക്ടർ ഉത്തരവിട്ടത്. ഒപ്പം ബീച്ചുകളിലേയും മത്സ്യം കരയ്ക്കടുപ്പിക്കുന്ന മറ്റു കേന്ദ്രങ്ങളിലേയും വിപണനവും മത്സ്യബന്ധനവും ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ നിരോധിച്ചിട്ടുണ്ട്.

ഹാർബറുകളിലെ തിരക്ക് നിയന്ത്രിക്കണമെന്ന നിർദേശം നേരത്തെ തന്നെ നൽകിയിരുന്നെങ്കിലും നടപ്പിലായില്ല. തുടർന്നാണ് ജില്ലാ ഭരണകൂടം കടുത്ത നടപടിയിലേക്ക് കടന്നത്. നേരത്തെ ജില്ലയിൽ മത്സ്യ കച്ചവടക്കാരന് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഇന്നലെ ഇയാളുമായി സമ്പർക്കത്തിലേർപ്പെട്ട നാല് പേർക്കും രോഗബാധ ഉണ്ടായി.

സമ്പർക്ക രോഗ ബാധയുടെ പശ്ചാത്തലത്തിൽ ചവറ കെഎംഎൽഎല്ലിലെ 104 ജീവനക്കാരെ നിരീക്ഷണത്തിലാക്കി. ഇവരുടെ സ്രവം പരിശോധനയ്ക്കായി ശേഖരിച്ചു തുടങ്ങി. ഇന്നലെ ഏഴ് ജീവനക്കാരുടെ പരിശോധന നടത്തിയിരുന്നു. ഇവരുടെ ഫലം നെഗറ്റീവ് ആണ്. കെ എംഎംഎല്ലിലെ കരാർ തൊഴിലാളിക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. എന്നാൽ ഫാക്ടറിയുടെ പ്രവർത്തനം തടസമില്ലാതെ തുടരുമെന്ന് അധികൃതർ അറിയിച്ചു.

Share this story