സ്വര്‍ണം അയച്ചത് ഡിപ്ലോമാറ്റിക് ബാഗേജില്‍ അല്ല; അതൃപ്തി വ്യക്തമാക്കി യുഎഇ

സ്വര്‍ണം അയച്ചത് ഡിപ്ലോമാറ്റിക് ബാഗേജില്‍ അല്ല; അതൃപ്തി വ്യക്തമാക്കി യുഎഇ

കേരളത്തിലേക്ക് സ്വര്‍ണം അയച്ചത് ഡിപ്ലോമാറ്റിക് ബാഗേജില്‍ അല്ലെന്ന് യുഎഇ. കോണ്‍സുലേറ്റിലെ ഒരു ഉദ്യോഗസ്ഥന് വ്യക്തിപരമായി എത്തിയ കാര്‍ഗോയാണ് ഇത്. ഇതിനെ ഡിപ്ലോമാറ്റിക് ബാഗേജ് എന്ന് വിശേഷിപ്പിക്കുന്നതില്‍ യുഎഇക്കുള്ള അതൃപ്തി ഇന്ത്യയെ അറിയിച്ചതായാണ് സൂചന

യുഎഇ ഭരണസംവിധാനം ഔദ്യോഗികമായി അയച്ച കാര്‍ഗോ അല്ലാത്തതിനാല്‍ ഡിപ്ലോമാറ്റിക് ഇമ്മ്യൂണിറ്റിയില്ല. അതിനാല്‍ ഡിപ്ലോമാറ്റിക് ബാഗേജ് എന്ന് വിശേഷിപ്പിക്കരുത്. തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിന്റെ വിലാസത്തിലാണ് കള്ളക്കടത്ത് സ്വര്‍ണം എത്തിയത്. എന്നാല്‍ യുഎഇ സര്‍ക്കാര്‍ സംവിധാനം ഇടപെട്ട് അയച്ചതല്ല

ദുബൈയില്‍ നിന്ന് ആര്‍ക്ക് വേണമെങ്കിലും കോണ്‍സുലേറ്റ് വിലാസത്തിലേക്ക് കാര്‍ഗോ അയക്കാം. ഇതിനെ നയതന്ത്ര ലഗേജായി കണക്കാക്കാനാകില്ലെന്നാണ് യുഎഇ പറയുന്നത്. എന്നാല്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് വ്യക്തിപരമായി എത്തുന്ന കാര്‍ഗോയ്ക്കും രാജ്യങ്ങള്‍ പ്രത്യേക പരിഗണന നല്‍കി വരാറുണ്ട്. അതിനപ്പുറത്തേക്കുള്ള പരിഗണന ബാഗേജിന് നല്‍കേണ്ടതില്ലെന്നാണ് യുഎഇയുടെ നിലപാട്.

അന്വേഷണവുമായി സഹകരിക്കുമെന്ന് യുഎഇ വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍സുലേറ്റിന്റെ സത്‌പേരിന് കളങ്കമുണ്ടാക്കുന്ന നടപടിയായതിനാല്‍ കേസില്‍ ഉള്‍പ്പെട്ട എല്ലാവരെയും ശിക്ഷിക്കണമെന്നും അവര്‍ വ്യക്തമാക്കി കഴിഞ്ഞു.

Share this story