പൂന്തുറയില്‍ പ്രതിപക്ഷം അട്ടിമറി നീക്കം നടത്തുന്നു; വ്യാജപ്രചാരണങ്ങള്‍ നടത്തി ജനങ്ങളെ അപകടത്തിലാക്കുന്നു

പൂന്തുറയില്‍ പ്രതിപക്ഷം അട്ടിമറി നീക്കം നടത്തുന്നു; വ്യാജപ്രചാരണങ്ങള്‍ നടത്തി ജനങ്ങളെ അപകടത്തിലാക്കുന്നു

കൊവിഡിനെതിരെ പഴുതടച്ച പ്രതിരോധ പ്രവര്‍ത്തനങ്ങലുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതിനിടെ യുഡിഎഫ് അട്ടിമറി നീക്കം നടത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൂന്തുറയിലുണ്ടായ പ്രതിഷേധം സൂചിപ്പിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം

പഴുതടച്ച രോഗപ്രതിരോധ മാര്‍ഗങ്ങള്‍ നടക്കുമ്പോഴാണ് അട്ടിമറി നീക്കവുമായി ചിലര്‍ ഇറങ്ങുന്നത്. ദൗര്‍ഭാഗ്യവശാല്‍ യുഡിഎഫ് നേതാക്കളാണ് അതിന് മുന്നില്‍ ഇങ്ങുന്നത്. ആന്റിജന്‍ ടെസ്റ്റിനെതിരെ ഒരു യൂത്ത് കോണ്‍ഗ്രസ് നേതാവ് വാട്‌സാപ്പ് പ്രചാരണം നടത്തുന്നു. ഇത് വെറുതെയാണ് ജലദോഷം വന്നാലും പോസിറ്റീവ് ആകുമെന്നും അങ്ങനെ നിരീക്ഷമ കേന്ദ്രത്തില്‍ വന്നാല്‍ രോഗം വരുമെന്നും പ്രചരിപ്പിക്കുന്നു. പൂന്തുറക്കാര്‍ക്കെതിരെ ഗൂഢനീക്കമെന്നും പ്രചരണം നടന്നു. ഇതിന്റെ ഭാഗമായി സ്ത്രീകളടക്കം പ്രതിഷേധത്തിനിറങ്ങി

കാരക്കോണം മെഡിക്കല്‍ കോളജില്‍ ബന്ധുക്കള്‍ക്ക് മരുന്നും ഭക്ഷണവും കിട്ടുന്നില്ലെന്നാണ് പ്രതിഷേധക്കാര്‍ പറഞ്ഞത്. കടകള്‍ തുറക്കണമെന്നും അവശ്യ സാധനങ്ങള്‍ തരണമെന്നും അവര്‍ ആവശ്യപ്പെട്ടു. മാണിക്യവിളാകം, പുത്തന്‍പള്ളി, പൂന്തുറ എന്നിവിടത്തെ കണക്ക് ചേര്‍ത്ത് പൂന്തുറയിലെ രോഗികള്‍ എന്ന് മാത്രമാണ് വാര്‍ത്ത വരുന്നത്, ഇത് ബുദ്ധിമുട്ടാകുന്നു എന്ന് ചിലര്‍ ആരോപിച്ചു. വിവരം ലഭിച്ചയുടനെ ജില്ലാ അധികൃതരും പള്ളി വികാരിയും അടക്കം സ്ഥലത്ത് എത്തി ആള്‍ക്കൂട്ടത്തെ പിരിച്ചുവിട്ടു.

ആരെയും വിഷമിപ്പിക്കാനോ ആ പ്രദേശത്തോട് വിപ്രതിപത്തി ഉണ്ടായിട്ടോയല്ല. രോഗവ്യാപനം തടയാനാണ്. നിയന്ത്രണങ്ങള്‍ വരുമ്പോള്‍ പ്രയാസമുണ്ടാകും. അത് സഹിക്കേണ്ടതായി വരും. മനുഷ്യ ജീവന്‍ സംരക്ഷിക്കലാണ് പ്രധാനം. അതിന്റെ ഭാഗമായുള്ള പ്രയാസമല്ല വലുത്. തെറ്റായ സങ്കുചിത പ്രാചരണങ്ങളിലൂടെ പ്രതിരോധത്തെ കീഴ്‌പ്പെടുത്തിയാല്‍ നാളെ ഒന്നും ചെയ്യാന്‍ പറ്റാതാകും.

നിയന്ത്രണങ്ങള്‍ക്ക് ചിലര്‍ വേറെ മാനം നല്‍കുന്നതാണ് വിഷപ്രയോഗം. രോഗപ്രതിരോധത്തോട് സഹകരിക്കുന്നവരാണ് കേരളത്തിലെ ജനങ്ങള്‍. പൂന്തുറയിലും അടക്കമുള്ളവര്‍ അങ്ങനെ തന്നെ ചെയ്യുന്നവരാണ്. അവരെ തെറ്റിദ്ധരിപ്പിക്കാനും വിഷമിപ്പിക്കാനും തയ്യാറാകരുത്. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. പ്രദേശത്തെ സമാധാന അന്തരീക്ഷത്തിന് തടസ്സം വന്നാല്‍ അത് മുളയിലേ നുള്ളും.

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ഇന്ന് ചിലര്‍ ബാരിക്കേഡ് വെച്ചു. ഇത് ആ പ്രദേശത്തെ ജനങ്ങള്‍ സ്വാഭാവികമായി ചെയ്യുന്നതല്ല. ചിലര്‍ ചെയ്യിക്കുന്നതാണ്. അതിന് പിന്നില്‍ ദുരുപദിഷ്ടമായ ഉദ്ദേശ്യങ്ങളുണ്ട്. പ്രതിപക്ഷ നേതൃത്വം തന്നെ ഇതിന് പിന്നിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു

Share this story