രോഗവ്യാപനം പരിധി വിട്ടപ്പോഴാണ് തലസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നടപ്പാക്കിയതെന്ന് മുഖ്യമന്ത്രി

രോഗവ്യാപനം പരിധി വിട്ടപ്പോഴാണ് തലസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നടപ്പാക്കിയതെന്ന് മുഖ്യമന്ത്രി

സമൂഹത്തെ അത്യാപത്തിലേക്ക് തള്ളിവിടാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക് നടപ്പാക്കിയത് രോഗവ്യാപനം പരിധി വിട്ടപ്പോഴാണ്. മാര്‍ച്ച് 11നാണ് തിരുവനന്തപുരത്ത് ആദ്യമായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ജൂലൈ 9 ആയപ്പോഴേക്കും 481 കേസുകളാണ്. ഇതില്‍ 215 പേര്‍ പുറത്തു നിന്ന് വന്നവരാണ്. 266 പേര്‍ക്ക് രോഗം വന്നത് സമ്പര്‍ക്കത്തിലൂടെയാണ്

ഇന്ന് മാത്രം തിരുവനന്തപുരത്ത് പോസിറ്റീവായ 129 പേരില്‍ 105 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഈ കേസുകള്‍ വെച്ച് പഠനം നടത്തിയപ്പോള്‍ ജില്ലയില്‍ അഞ്ച് ക്ലസ്റ്ററുകള്‍ കണ്ടെത്തി. ഇതെല്ലാം തിരുവനന്തപുരം കോര്‍പറേഷന്‍ കേന്ദ്രീകരിച്ചാണ്. ഒരു പ്രദേശത്ത് 50ലധികം കേസുകള്‍ വരുമ്പോഴാണ് വലിയ സമൂഹ ക്ലസ്റ്ററുകള്‍ ഉണ്ടായതായി കണക്കാക്കുക.

പൊന്നാനിയിലും തിരുവനന്തപുരത്തുമാണ് ഇങ്ങനെ കസ്റ്ററുകള്‍ ഉണ്ടായത്. രണ്ടിടത്തും നിയന്ത്രണങ്ങളും ടെസ്റ്റിംഗും കൂട്ടുകയാണ്. ഇതനുസരിച്ചാണ് കണ്ടെയ്‌മെന്റ് സോണുകള്‍ പ്രഖ്യാപിക്കുന്നത്. ഇവിടെ പെരിമീറ്റര്‍ കണ്‍ട്രോളുണ്ടാകും. ഈ പ്രദേശത്തേക്ക് കടക്കാന്‍ ഒരു വഴി മാത്രമേയുണ്ടാകൂ. പുറത്തേക്ക് പോകുന്നതിലും നിയന്ത്രണം ഉണ്ടാകും. കണ്ടെയ്‌മെന്റ് സോണുകളില്‍ ക്ലസ്റ്ററുകളുണ്ടോയെന്ന് പരിശോധിക്കും. വീടുകള്‍ സന്ദര്‍ശിച്ച് ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍ക്ക് ആന്റിജന്‍ ടെസ്റ്റ് നടത്തും. പോസിറ്റീവായാല്‍ കോണ്ടാക്ട് ട്രേസിംഗ് പാലിക്കും.

ജനങ്ങളുടെ സഹകരണം ആവശ്യമാണ്. മാണിക്യവിളാകം, പൂന്തുറ, പുത്തന്‍പള്ളി, കുമരി ചന്ത എന്നിവിടങ്ങളിലാണ് പ്രധാന ക്ലസ്റ്ററുകള്‍. ഇവിടെ രോഗ്യവാപനത്തിന് കാരണമായ കേസ് കന്യാകുമാരിയില്‍ നിന്ന് മത്സ്യമെടുത്ത് കുമരിചന്തയില്‍ മീന്‍ വില്‍പ്പന നടത്തിയ ആളാണ്. ഇദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ അടക്കം അടുത്തിടപഴകിയ 13 പേര്‍ക്കാണ് ആദ്യം രോഗം വന്നത്. തുടര്‍ന്നാണ് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. പ്രശ്‌നബാധിതമായ വാര്‍ഡുകളില്‍ മാത്രം 1192 ആന്റിജന്‍ ടെസ്റ്റ് നടത്തി. ഇതില്‍ 243 പോസിറ്റീവ് കേസുകളുണ്ടായി എന്നും മുഖ്യമന്ത്രി അറിയിച്ചു

Share this story