സ്വര്‍ണക്കടത്തിന് പിന്നില്‍ തീവ്രവാദ ബന്ധവും സംശയിച്ച് എന്‍ ഐ എ; ഇസ്ലാമിക് സ്റ്റേറ്റിന്റെ പങ്ക് അന്വേഷിക്കുന്നു

സ്വര്‍ണക്കടത്തിന് പിന്നില്‍ തീവ്രവാദ ബന്ധവും സംശയിച്ച് എന്‍ ഐ എ; ഇസ്ലാമിക് സ്റ്റേറ്റിന്റെ പങ്ക് അന്വേഷിക്കുന്നു

സ്വര്‍ണക്കടത്ത് കേസില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് ബന്ധവും എന്‍ ഐ എ അന്വേഷിക്കുന്നു. ഐഎസിന്റെ ദക്ഷിണേന്ത്യ ഘടകവുമായി സ്വര്‍ണം കടത്തിയവര്‍ക്ക് ബന്ധമുണ്ടെന്ന സംശയമാണ് അന്വേഷണം എന്‍ ഐ എയിലേക്ക് എത്തിയത്. യുഎഇ കോണ്‍സുലേറ്റിന്റെ പേരിലെത്തിയ ബാഗേജില്‍ സ്വര്‍ണം കടത്തിയതില്‍ തീവ്രവാദ സംഘടനകള്‍ക്ക് പങ്കുണ്ടെങ്കില്‍ രാജ്യസുരക്ഷക്ക് ഭീഷണിയാണെന്നാണ് വിലയിരുത്തല്‍

കേരളത്തില്‍ ഇതിന് മുമ്പ് എത്തിയ സ്വര്‍ണം ഏത് വഴികളിലൂടെ കടന്നുപോയെന്നും ആരൊക്കെ ഉപയോഗിച്ചെന്നുമുള്ള കാര്യങ്ങള്‍ അന്വേഷിക്കും. സ്വര്‍ണക്കടത്തിന് പിന്നില്‍ തീവ്രവാദികളുടെ ബന്ധമുണ്ടോയെന്നും പരിശോധിക്കും.

അഫ്ഗാനിസ്ഥാന്‍ കേന്ദ്രീകരിച്ച് ഐഎസിന്റെ ദക്ഷിണേന്ത്യാ ഘടകം ആശയപ്രചാരണം നടത്തി ഓണ്‍ലൈന്‍ റിക്രൂട്ട്‌മെന്റ് നടത്തുന്നതായി അന്താരാഷ്ട്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കേരളത്തില്‍ നിന്ന് അഫ്ഗാനിസ്ഥാനിലേക്ക് പോയി കാണാതായ മലയാളികളും ഇത്തരം ഓണ്‍ലൈന്‍ റിക്രൂട്ട്‌മെന്റില്‍ ഉള്‍പ്പെട്ടതായാണ് റിപ്പോര്‍ട്ട്

കേരളത്തിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും സ്വര്‍ണക്കടത്തിന്റെ സാധ്യതകള്‍ ഉപയോഗിച്ചിട്ടുണ്ടാകാമെന്ന് സംശയിക്കുന്നു. തിരുവനന്തപുരത്തെ സ്വര്‍ണക്കടത്തുകാര്‍ക്ക് തമിഴ്‌നാടുമായുള്ള ബന്ധവും എന്‍ ഐ എ അന്വേഷിക്കും. തിരുവനന്തപുരത്ത് എത്തിക്കുന്ന സ്വര്‍ണം ചെന്നൈയിലേക്കാണ് കൊണ്ടുപോയിരുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഈ സ്വര്‍ണം ഏറ്റുവാങ്ങിയവരെ കുറിച്ചാണ് അന്വേഷണം നടക്കുന്നത്.

തമിഴ്‌നാട്ടില്‍ എന്‍ ഐ എയുടെ ബ്ലാക്ക് ലിസ്റ്റില്‍പ്പെട്ട ഏഴ് തീവ്രവാദികള്‍ക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കും. പോലീസ് തിരയുന്ന ഹാജാ ഫക്രുദീനെ അടക്കമാണ് അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തുക.

Share this story