ജനങ്ങളെ തമ്മില്‍ തലിച്ച് ചോര വീഴ്ത്താന്‍ ശ്രമിക്കുന്നവരെ കരുതിയിരിക്കുക; പൂന്തുറ സംഭവത്തില്‍ ആരോഗ്യമന്ത്രി

ജനങ്ങളെ തമ്മില്‍ തലിച്ച് ചോര വീഴ്ത്താന്‍ ശ്രമിക്കുന്നവരെ കരുതിയിരിക്കുക; പൂന്തുറ സംഭവത്തില്‍ ആരോഗ്യമന്ത്രി

പൂന്തുറയില്‍ പരിശോധനക്ക് എത്തിയ ജൂനിയര്‍ ഡോക്ടര്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകരുടെ സംഘത്തിന് നേരെ കാറിന്റെ ഗ്ലാസ് തുറന്ന് മുഖത്തേക്ക് തുപ്പിയ സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടാകുന്ന ഇത്തരത്തിലുള്ള കയ്യേറ്റങ്ങള്‍ അംഗീകരിക്കാനാകില്ല. പൂന്തുറയിലെ ജനങ്ങളെ ആരോ ഇളക്കിവിട്ടതാണ്. ഇത്തരത്തില്‍ പെരുമാറിയവര്‍ക്കെതിരെ നടപടിയെടുക്കുന്നതിനൊപ്പം ഇതിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു

ആര്‍ക്കും ജീവനില്‍ കൊതിയുണ്ടാകും. വൈറസ് വരുന്നെങ്കില്‍ വരട്ടെ എന്ന് സ്വയം വിചാരിച്ച് സേവനത്തിന് ഇറങ്ങി പുറപ്പെട്ടവരാണ് ആരോഗ്യപ്രവര്‍ത്തകര്‍. അവര്‍ക്കെതിരെ ഇത്തരം മോശം പെരുമാറ്റമുണ്ടാകുന്നത് അംഗീകരിക്കാനാകില്ല. അക്രമത്തിനിരയായ ഡോ. ദീപ്തിയ അടക്കമുള്ളവരെ ഞാനിന്നലെ വിളിച്ചിരുന്നു. അവരാകെ ഭയന്നുപോയി. ഇന്നലെ മുതല്‍ ക്വാറന്റൈനില്‍ പോയിരിക്കുകയാണ് അവര്‍

പൂന്തുറയിലെ ജനങ്ങളെ ആരോ പ്രേരിപ്പിച്ച് വിട്ടതാണ്. ഇത്രയും മോശമായ സാഹചര്യത്തിലും വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണ് ചിലര്‍. പൂന്തുറയിലെ ഒരു സഹോദരന്‍ ഇന്നലെ മരിച്ചില്ലേ. ഇത്തരത്തിലുള്ള പ്രവൃത്തികളെല്ലാം പ്രതിഷേധാര്‍ഹമാണ്. ആരാണ് അവരെ ഇതിന് പ്രേരിപ്പിച്ചത്. തീരദേശ മേഖലയിലെ പ്രതിരോധത്തില്‍ വീഴ്ചയുണ്ടായിട്ടില്ല. അവിടുത്തെ നാട്ടുകാര്‍ മോശമാണെന്ന് ആര് പറഞ്ഞു. അവിടുത്തെ യുവാക്കള്‍ തന്നെയാണ് വളണ്ടിയര്‍മാരായി പ്രവര്‍ത്തിക്കുന്നത്. വാര്‍ഡ് തലത്തിലെ കൗണ്‍സിലര്‍മാരും പള്ളി അധികൃതരുമെല്ലാം നല്ല രീതിയില്‍ സഹകരിക്കുന്നവരാണ്

ഒരു വിഭാഗം ആളുകളെ ചിലര്‍ ഇളക്കിവിട്ടതാണ്. ഇതില്‍ വര്‍ഗീയ അജണ്ടയുണ്ടെന്നും സംശയിക്കുന്നുണ്ട്. ആരോഗ്യ പ്രവര്‍ത്തകരെ കൈകാര്യം ചെയ്യാന്‍ ശ്രമിക്കുന്നതൊക്കെ ഈ അജണ്ടയുടെ ഭാഗമായിട്ടാണെന്ന് നാട്ടുകാര്‍ മനസ്സിലാക്കണം. ജനങ്ങളെ തമ്മില്‍ തല്ലിച്ച് നേട്ടം കൊയ്യാനും ചോര വീഴ്ത്താനും ശ്രമിക്കുന്നവരുണ്ട്. അങ്ങനെ ശ്രമിക്കുന്നവര്‍ തന്നെയാണ് ഇവിടെയും പ്രശ്‌നമുണ്ടാക്കിയതെന്ന് മന്ത്രി പറഞ്ഞു

Share this story