പത്തനംതിട്ടയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ‘ഓടിച്ചിട്ട് പിടികൂടിയ’ പ്രവാസിയുടെ പരിശോധനാ ഫലം നെഗറ്റീവ്

പത്തനംതിട്ടയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ‘ഓടിച്ചിട്ട് പിടികൂടിയ’ പ്രവാസിയുടെ പരിശോധനാ ഫലം നെഗറ്റീവ്

പത്തനംതിട്ടയില്‍ ഹോം ക്വാറന്റൈന്‍ ലംഘിച്ച് നഗരത്തിലിറങ്ങുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഒടുവില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ഓടിച്ചിട്ട് പിടികൂടുകയും ചെയ്ത പ്രവാസിയുടെ പരിശോധനാ ഫലം നെഗറ്റീവ്. കഴിഞ്ഞ തിങ്കളാഴ്ചയാണ് പ്രവാസി മാസ്‌ക് പോലും ധരിക്കാതെ ക്വാറന്റൈന്‍ ലംഘിച്ച് നഗരത്തിലെത്തിയത്.

സ്‌കൂട്ടറിലെത്തിയ ഇയാളെ പോലീസ് തടയുകയും വിവരം ചോദിക്കുകയുമായിരുന്നു. വിദേശത്ത് നിന്നെത്തിയതാണെന്ന് അറിഞ്ഞതോടെ ആരോഗ്യപ്രവര്‍ത്തകരെ വിളിച്ചുവരുത്തി. ഇതിനിടയില്‍ ഇയാളുടെ വീട്ടിലേക്ക് വിളിച്ചു. വീട്ടില്‍ നിന്നും വഴക്കിട്ട് ഇറങ്ങിപ്പോന്നതാണെന്ന് പറഞ്ഞതോടെ ഇയാളോട് ആശുപത്രിയിലേക്ക് പോകാന്‍ നിര്‍ദേശിച്ചു. എന്നാല്‍ ഇയാള്‍ കുതറി ഓടുകയായിരുന്നു

ഏറെ നിമിഷത്തെ പരിശ്രമത്തിനൊടുവിലാണ് ഇയാളെ പിടികൂടി ആംബുലന്‍സില്‍ കയറ്റിയത്. വട്ടംപിടിച്ചിട്ടും കുതറിയോടാന്‍ ശ്രമിച്ച ഇയാളുടെ കൈയും കാലും കെട്ടിയാണ് ആശുപത്രിയിലേക്ക് എത്തിച്ചത്. നിലവില്‍ കോഴഞ്ചേരി ആശുപത്രിയിലാണ് ഇയാള്‍ കഴിയുന്നത്. മൂന്നാം തിയതി റിയാദില്‍ നിന്നാണ് ഇയാള്‍ എത്തിയത്.

Share this story