സ്വര്‍ണക്കടത്ത്; പ്രതികള്‍ക്ക് പൊലീസ് സംരക്ഷണം ഒരുക്കുന്നു: രമേശ് ചെന്നിത്തല

സ്വര്‍ണക്കടത്ത്; പ്രതികള്‍ക്ക് പൊലീസ് സംരക്ഷണം ഒരുക്കുന്നു: രമേശ് ചെന്നിത്തല

സ്വര്‍ണക്കടത്ത് കേസില്‍ പ്രതികള്‍ക്ക് പൊലീസ് സംരക്ഷണം ഒരുക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന സര്‍ക്കാരിന് ഒന്നും ചെയ്യാനില്ല എല്ലാം കേന്ദ്രം ചെയ്യേണ്ടതാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍ സിആര്‍പിസി 154 അനുസരിച്ച് ഒരു കേസിന്റെ വിവരം ലഭിച്ചാല്‍ തന്നെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ഉത്തരവാദിത്വം പൊലീസിനുണ്ട്. അതീവ ഗുരുതരമായ കുറ്റകൃത്യങ്ങളാണ് ഇവിടെ നടന്നിട്ടുള്ളത്. അതിന്റെ പേരില്‍ നടപടി സ്വീകരിക്കാനുള്ള നിയമപരമായ ബാധ്യത കേരളാ പൊലീസിനുണ്ട്. ആ ഉത്തരവാദിത്വം നിര്‍വഹിക്കാത്തത് കുറ്റകരമാണെന്നും ചെന്നിത്തല പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസ് പുറത്തുവന്നിട്ട് ഒരാഴ്ചയാവുകയാണ്. ഇതുവരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തതുകൊണ്ടാണ് ഇന്നലെ ഡിജിപിക്ക് കത്ത് അയച്ചത്. എഫ്‌ഐആര്‍ ഇട്ട് കേസ് രജിസ്റ്റര്‍ ചെയ്താല്‍ സ്വപ്നയെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് അധികാരം ലഭിക്കും. ശിവശങ്കറിന്റെ പേരില്‍ കേസ് എടുക്കാന്‍ കഴിയും. ഒരാഴ്ചയായി സംസ്ഥാന പൊലീസിന്റെ കണ്ണുവെട്ടിച്ച് ഒരു പ്രതി കറങ്ങിനടക്കുകയാണ്. സിആര്‍പിസിയും ഐപിസിയുമാണ് പൊലീസിനെ നയിക്കുന്നത്. എന്തുകൊണ്ട് കേരളത്തിന്റെ ഡിജിപി എഫ്‌ഐആര്‍ ഇട്ട് കേസ് മുന്നോട്ടുകൊണ്ടുപോകാന്‍ നടപടി സ്വീകരിക്കുന്നില്ല. ഇത് സ്വപ്നയെ സഹായിക്കാനാണ്, ശിവശങ്കറിനെ സഹായിക്കാനാണ്.

പ്രതികള്‍ക്ക് പൊലീസ് സംരക്ഷണം ഉറപ്പുവരുത്തുകയാണ്. ഈ നടപടി ചരിത്രത്തിലെ കറുത്ത അധ്യായമാണ്. ഹൈക്കോടതിയില്‍ വിവാദ സ്ത്രീ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ കൊടുത്തു. ക്രമിനല്‍ കേസുകളില്ലെന്നാണ് അപേക്ഷയില്‍ പറയുന്നത്. അതിന് വഴികള്‍ ഒരുക്കിയത് സംസ്ഥാന സര്‍ക്കാരാണ്. മുഖ്യമന്ത്രിയുടെ ഓഫീസിനെ സംരക്ഷിക്കാനുള്ള ബോധപൂര്‍വമായ ഇടപെടലാണ് നടക്കുന്നത്. നിയമപരമായ നടപടികള്‍ ഡിജിപി സ്വീകരിക്കണം. ഇല്ലെങ്കില്‍ നിയമപരമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Share this story