ഓട്ടോറിക്ഷ വിളിച്ച് വീട്ടിലെത്തി; എന്‍.ഐ.എ. വിരിച്ചത് ‘ഇഴപൊട്ടാത്ത’ വല

ഓട്ടോറിക്ഷ വിളിച്ച് വീട്ടിലെത്തി; എന്‍.ഐ.എ. വിരിച്ചത് ‘ഇഴപൊട്ടാത്ത’ വല

തിരുവനന്തപുരം: സന്ദീപിന്റെ വീട്ടിൽ റെയ്ഡിനുമുൻപ് എൻ.ഐ.എ. സംഘം അജ്ഞാതരായി എത്തിയിരുന്നു. ഈസമയത്ത് സന്ദീപിന്റെ ഒരു ബന്ധുവിന് വന്ന ഫോൺകോളാണ് സ്വപ്നയെയും സന്ദീപിനെയും കണ്ടത്തുന്നതിന് സഹായകമായത്. ശനിയാഴ്ച ഉച്ചയോടെ ഒരു ഓട്ടോറിക്ഷയിലെത്തിയ ചിലർ സന്ദീപിന്റെ അയൽവീടുകളിലെത്തി വിവരങ്ങൾ ആരാഞ്ഞിരുന്നു. ആരെന്ന് വെളിപ്പെടുത്താതെ ഇവർ സന്ദീപിന്റെ വീട്ടിലുമെത്തി. ആ സമയത്താണ് അവിടെയുണ്ടായിരുന്ന ബന്ധുവിന് ഫോൺവിളി വന്നത്. അന്വേഷണത്തിനുശേഷം 3.40-ഓടെ ഇവർ മടങ്ങി. വേഷപ്രച്ഛന്നരായ എൻ.ഐ.എ. ഉദ്യോഗസ്ഥർ ഔദ്യോഗിക വാഹനം കരകുളത്ത് നിർത്തിയശേഷം ഓട്ടോറിക്ഷ വിളിച്ചാണ് വീട്ടിലെത്തിയത്. പിന്നീടിവർ കരകുളത്തെത്തി ഔദ്യാഗികവാഹനത്തിൽ മടങ്ങി. ഇതിനുപിന്നാലെ കസ്റ്റംസ് സംഘം സന്ദീപിന്റെ വീട്ടിൽ റെയ്ഡിനുമെത്തി.

ഇഴപൊട്ടാതെ കുടുക്കിയ വല

കൊച്ചി: സ്വർണക്കടത്ത് കേസിൽ ചെറുമീനുകൾ മുതൽ വമ്പൻ സ്രാവുകൾ വരെയുണ്ടെന്ന് ആരോപണമുയർന്നപ്പോഴും പ്രധാന പ്രതികൾ പിടിയിലാകാൻ സഹായിച്ചത് എൻ.ഐ.എ. വിരിച്ച ഇഴപൊട്ടാത്ത വല. തിരുവനന്തപുരത്തുനിന്ന് ആദ്യം കൊച്ചിയിലേക്ക് സ്വപ്ന കടന്നതുമുതൽ എൻ.ഐ.എ. അവരുടെ പിന്നാലെയുണ്ടായിരുന്നു. കേസന്വേഷണം ഏറ്റെടുത്തപ്പോൾ കൊച്ചിയിൽനിന്നുതന്നെ അവരെ പിടികൂടാനാകുമെന്ന പ്രതീക്ഷയിലായിരുന്നു എൻ.ഐ.എ.

Read Also ഇന്ന് 435 പേര്‍ക്ക് രോഗബാധ, 206 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ; 132 പേര്‍ക്ക് രോഗമുക്തി https://metrojournalonline.com/covid-19/2020/07/12/covid-updates-in-kerala-pinaraayi.html

സ്വപ്ന കൊച്ചിയിലുണ്ടെന്ന വിവരമറിഞ്ഞപ്പോഴാണ് കസ്റ്റംസ് അവരെ പിടിക്കാൻ സിറ്റി പോലീസ് കമ്മിഷണറുടെ സഹായംതേടിയത്. എന്നാൽ, വെള്ളിയാഴ്ച രാത്രിതന്നെ സ്വപ്ന കൊച്ചിയിൽനിന്നു കടന്നതായി എൻ.ഐ.എ.ക്കു വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അവർ അന്വേഷണം ബെംഗളൂരുവിലേക്കു മാറ്റിയത്.

കൊച്ചിയിൽ സ്വപ്നയ്ക്കും കുടുംബത്തിനും താമസം ഒരുക്കാൻ സഹായിച്ചവരെക്കുറിച്ചും എൻ.ഐ.എ.ക്കു വിവരം ലഭിച്ചിരുന്നു. ഫോൺകോളുകൾ പിന്തുടർന്ന് ഇവരെ മനസ്സിലാക്കിയ എൻ.ഐ.എ. സ്വപ്നയുടെ അരികിലെത്തുന്നതിനു തൊട്ടുമുമ്പാണ് അവർ ബെംഗളൂരുവിലേക്കു കടന്നത്. എൻ.ഐ.എ. നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ശനിയാഴ്ച രാത്രി സിറ്റി പോലീസ് കമ്മിഷണർ വിജയ് സാഖറേയുടെ നിർദേശപ്രകാരം നഗരത്തിന്റെ പലഭാഗത്തും റെയ്ഡ് നടത്തിയത്.

ബെംഗളൂരുവിൽ സ്വപ്നയ്ക്കും കുടുംബത്തിനുമായി ഒരു അഭയസ്ഥാനവും ഒരുക്കാൻ ശ്രമമുണ്ടായിരുന്നു. എന്നാൽ, അത് പാളിപ്പോയതോടെ സ്വപ്ന വേറൊരു സ്ഥലം തിരഞ്ഞു. ഇതിനായി വിളിച്ച ഫോൺകോളുകൾ പക്ഷേ, എൻ.ഐ.എ. വിരിച്ച വലയിലാണ് വന്നുകുടുങ്ങിയത്.

ബെംഗളൂരുവിൽനിന്ന് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം കൊച്ചിയിലെത്തി കീഴടങ്ങാനായിരുന്നു സ്വപ്നയ്ക്കും സംഘത്തിനും കിട്ടിയ നിയമോപദേശമെന്നാണു സൂചന. ഗൂഡല്ലൂർ-പെരിന്തൽമണ്ണ വഴി സ്വപ്നയെ കൊച്ചിയിലെത്തിക്കാൻ ഒരു സഹായിയുടെ നേതൃത്വത്തിൽ ശ്രമം നടന്നതായും സൂചനയുണ്ട്. ഇക്കാര്യവും കൃത്യമായി മനസ്സിലാക്കിത്തന്നെയാണ് അതിനു മുമ്പുതന്നെ എൻ.ഐ.എ. സ്വപ്നയ്ക്കായി ബെംഗളൂരുവിൽ വല വിരിച്ചത്.

ഡി.വൈ.എസ്.പി. രാധാകൃഷ്ണപിള്ളയ്ക്ക് അന്വേഷണച്ചുമതല

കൊച്ചി: സ്വർണക്കടത്ത് കേസിൽ അന്വേഷണം ഏറ്റെടുത്ത എൻ.ഐ.എ. ശനിയാഴ്ച കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തി കേസിൽ അറസ്റ്റിലായ പ്രതി സരിത്തിനെ ചോദ്യംചെയ്തു. എൻ.ഐ.എ. ഡിവൈ.എസ്.പി. രാധാകൃഷ്ണപ്പിള്ളയ്ക്കാണ് അന്വേഷണച്ചുമതല. പ്രതികളായ സ്വപ്നയ്ക്കും സന്ദീപിനും ഒളിവിൽ കഴിയാൻ സഹായം നൽകിയവരെക്കുറിച്ച് എൻ.ഐ.എ.യ്ക്കു വിവരം ലഭിച്ചെന്നാണു സൂചന.

എ.എസ്.പി. ഷൗക്കത്തലിയാണ് ശനിയാഴ്ച വൈകുന്നേരം കസ്റ്റംസ് ഓഫീസിലെത്തി സരിത്തിനെ ചോദ്യംചെയ്തത്. ഡിവൈ.എസ്.പി. രാധാകൃഷ്ണപ്പിള്ള ഇപ്പോൾ കളിയിക്കാവിള കേസുമായി ബന്ധപ്പെട്ട് ചെന്നൈയിലാണ്. അവിടെനിന്ന് കൊച്ചിയിൽ തിരിച്ചെത്തിയാലുടൻ അന്വേഷണം ഏറ്റെടുക്കുമെന്നാണു കരുതുന്നത്. സരിത്തിനെ കസ്റ്റഡിയിൽ കിട്ടാൻ അടുത്തദിവസം എൻ.ഐ.എ. കോടതിയിൽ അപേക്ഷനൽകും.

Share this story