സ്വര്‍ണക്കടത്തില്‍ ഭീകരവാദ ബന്ധവും; എഫ് ഐ ആര്‍ വിവരങ്ങള്‍ പുറത്ത്

സ്വര്‍ണക്കടത്തില്‍ ഭീകരവാദ ബന്ധവും; എഫ് ഐ ആര്‍ വിവരങ്ങള്‍ പുറത്ത്

സ്വര്‍ണക്കടത്ത് കേസില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ എഫ് ഐ ആര്‍ വിവരങ്ങള്‍ പുറത്തുവന്നു. സ്വര്‍ണക്കടത്ത് പണം ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കായാണെന്ന് സംശയിക്കുന്നതായി എഫ് ഐ ആറില്‍ പറയുന്നു. കടത്തിക്കൊണ്ടുവരുന്ന സ്വര്‍ണം പണമായി ഉപയോഗിച്ചേക്കാമെന്നാണ് എന്‍ ഐ എ പറയുന്നത്.

സ്വര്‍ണക്കടത്തിന് ഭീകരവാദവുമായി ബന്ധമുണ്ടോയെന്ന് എന്‍ ഐ എ വിശദമായി പരിശോധിക്കും. ദേശീയ അന്തര്‍ദേശീയ ബന്ധങ്ങളും അന്വേഷിക്കും. കേസില്‍ നിര്‍ണായകമാകാവുന്ന കണ്ടെത്തലുകളാണ് എന്‍ ഐ എ നടത്തിയിരിക്കുന്നത്.

പി എസ് സരിത്ത് കേസിലെ ഒന്നാം പ്രതിയും സ്വപ്‌ന സുരേഷ് രണ്ടാം പ്രതിയുമാണ്. ഫൈസല്‍ ഫരീദാണ് മൂന്നാം പ്രതി. സന്ദീപ് നായര്‍ നാലാം പ്രതി. പ്രതികള്‍ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത അട്ടിമറിക്കാന്‍ ലക്ഷ്യമിട്ടതായി എന്‍ ഐ എ പറയുന്നു

അതിനിടെ ഫൈസല്‍ ഫരീദിന്റെ പേര് എഫ് ഐ ആറില്‍ ഫാസില്‍ ഫരീദെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് തിരുത്താനും ഫൈസലിനായി വാറണ്ട് പുറപ്പെടുവിക്കാനും കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.

Share this story