കൊവിഡ് കാലത്തും പ്രതിപക്ഷത്തിന്റെ മുതലെടുപ്പ് സമരം; ഇടപെട്ട് ഹൈക്കോടതി, സര്‍ക്കാരിനോട് വിവരം തേടി

സംസ്ഥാനത്ത് കൊവിഡ് വ്യാപിക്കുന്ന ഘട്ടത്തിലും യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ പ്രതിപക്ഷം സമരങ്ങള്‍ നടത്തുന്ന സംഭവത്തില്‍ കേരളാ ഹൈക്കോടതിയുടെ ഇടപെടല്‍. ജൂലൈ രണ്ടിലെ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് എത്ര സമരങ്ങള്‍ക്ക് അനുമതി നല്‍കിയെന്ന് അറിയിക്കാന്‍ സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ സമരം നടത്തിയതിന് എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്നും അറിയിക്കണം. ഈ വിശദാംശങ്ങള്‍ നാളെ തന്നെ നല്‍കാനും കോടതി നിര്‍ദേശിച്ചു. സംസ്ഥാനത്ത് കൊവിഡ് സാഹചര്യത്തില്‍ സമരങ്ങള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി

രാഷ്ട്രീയ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്യുന്ന സമരങ്ങള്‍ കൊവിഡ് രോഗവ്യാപനത്തിന് ഇടയാക്കുമെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. മാനദണ്ഡങ്ങള്‍ ലംഘിച്ച് സമരം നടത്തുന്ന പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

കൊവിഡ് ഭീതി നിലനില്‍ക്കുമ്പോഴും രാഷ്ട്രീയ മുതലെടുപപ്പ് സമരവുമായി പ്രതിപക്ഷം കേരളത്തിന്റെ തെരുവുകളില്‍ ഭീതി പടര്‍ത്തുകയാണ്. കൊവിഡ് നിയമങ്ങള്‍ ലംഘിക്കുമെന്ന പരസ്യമായ പ്രഖ്യാപനവുമായാണ് കോണ്‍ഗ്രസിലെ ചില നേതാക്കള്‍ സമരം നടത്തുന്നത്. പൊതുജനത്തെ ഭീതിയിലാഴ്ത്തുന്നതാണ് ഇത്തരം രീതികള്‍. ഇതിന്റെ ഗൗരവം കണക്കിലെടുത്താണ് ഹൈക്കോടതി വിഷയത്തില്‍ ഇടപെട്ടിരിക്കുന്നത്.

Share this story