പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കുട്ടിയെ വിവാഹം ചെയ്യാം, ജാമ്യം വേണം; റോബിന്‍ വടക്കുഞ്ചേരി ഹൈക്കോടതിയില്‍

പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കുട്ടിയെ വിവാഹം ചെയ്യാം, ജാമ്യം വേണം; റോബിന്‍ വടക്കുഞ്ചേരി ഹൈക്കോടതിയില്‍

പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കുട്ടിയെ വിവാഹം ചെയ്ത് സംരക്ഷിക്കാമെന്നും അതിനായി രണ്ട് മാസത്തെ ജാമ്യം നല്‍കണമെന്നും ആവശ്യപ്പെട്ട് കൊട്ടിയൂര്‍ പീഡനക്കേസ് കുറ്റവാളി ഫാദര്‍ റോബിന്‍ വടക്കുഞ്ചേരി ഹൈക്കോടതിയെ സമീപിച്ചു. കേസില്‍ ഇയാള്‍ക്ക് 20 വര്‍ഷത്തെ കഠിനതടവ് ലഭിച്ചിരുന്നു.

തലശ്ശേരി പോക്‌സോ കോടതി വിധിക്കെതിരെ പീഡന കുറ്റവാളി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇയാള്‍ പുതിയ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് ജാമ്യം നല്‍കണമെന്നാണ് അപേക്ഷയില്‍ പറയുന്നത്.

അതേസമയം പ്രോസിക്യൂഷന്‍ ജാമ്യാപേക്ഷയെ എതിര്‍ത്തു. ശിക്ഷാവധിക്കെതിരെയുള്ള അപ്പീല്‍ നിലവിലിരിക്കെ ഇത്തരമൊരു അപേക്ഷ സമര്‍പ്പിച്ചതിന് പിന്നില്‍ മറ്റ് ഉദ്ദേശ്യങ്ങളുണ്ടാകാമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. മറ്റൊരു സംസ്ഥാനത്ത് പഠിച്ചു കൊണ്ടിരിക്കുന്ന പെണ്‍കുട്ടിക്ക് നിലവില്‍ വിദ്യാഭ്യാസമാണ് ആവശ്യം. വിവാഹത്തെ കുറിച്ച് അവളിപ്പോള്‍ ചിന്തിക്കുന്നില്ല. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. വിചിത്രമായ നീക്കമാണിതെന്നും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എസ് അംബികാദേവി പറയുന്നു

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ റോബിന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയായിരുന്നു. പള്ളിയിലെ കമ്പ്യൂട്ടര്‍ മുറിയില്‍ വെച്ച് ഇയാള്‍ നിരന്തരമായി കുട്ടിയെ പീഡിപ്പിച്ചിരുന്നു. പെണ്‍കുട്ടി പ്രസവിച്ചതിനെ തുടര്‍ന്നാണ് വിവരം പുറത്തറിയുന്നത്. കേസിന്റെ ആദ്യ ഘട്ടത്തില്‍ പെണ്‍കുട്ടിയുടെ പിതാവിനെ പ്രതിയാക്കാനും ഇയാളും ഇയാളുടെ സഭാവലയവും ശ്രമിച്ചിരുന്നു. കേസിനിടെ മാതാപിതാക്കള്‍ കൂറുമാറുകയും ചെയ്തു. എന്നാല്‍ ഇവര്‍ക്കെതിരെ നടപടിയെടുക്കാനായിരുന്നു കോടതിയുടെ ഉത്തരവ്‌

Share this story