മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്തു

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: സ്വര്‍ണക്കള്ളക്കടത്ത് പ്രതികളുമായി ബന്ധം പുലര്‍ത്തിയ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ സര്‍വീസില്‍ നിന്ന് പുറത്തേക്ക്.

മുഖ്യമന്ത്രിയുടെ മുൻ പ്രിസിപ്പൽ സെക്രട്ടറിയും ഐ.ടി സെക്രട്ടറിയുമായിരുന്ന എം.ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്തു. ശിവശങ്കറുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കുന്നതിന് ചീഫ് സെക്രട്ടറിയും ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിയും അടങ്ങിയ സമതിയെയാണ് ചുമതലപെടുത്തിയിരുന്നത്. ഈ സമിതി അന്വേഷണ റിപ്പോർട്ട് വൈകുന്നേരം മുഖ്യമന്ത്രിക്ക് നൽകി. റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ എം.ശിവശങ്കറിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അഖിലേന്ത്യാ സർവീസിലെ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമുണ്ടായി എന്നാണ് സമിതി കണ്ടെത്തിയത് വകുപ്പ് തല അന്വേഷണം തുടരും എന്നും മുഖ്യമന്ത്രി അറിയിച്ചു. റിപ്പോർട്ടിൽ ഉള്ള മറ്റ് കാര്യങ്ങൾ പിന്നീട് അറിയിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശിവശങ്കര്‍ സിവില്‍ സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചു. ബന്ധങ്ങളില്‍ ജാഗ്രതക്കുറവ് ഉണ്ടായി തുടങ്ങിയ കുറ്റങ്ങളാണ് സമിതി കണ്ടെത്തിയിരിക്കുന്നത്. ഐ.എ.എസ് ഉദ്യോഗസ്ഥന്‍ പാലിക്കേണ്ട പെരുമാറ്റച്ചട്ടം പുലര്‍ത്തുന്നതില്‍ ജാഗ്രതകളില്‍ കുറവുണ്ടായിയെന്നും സ്വര്‍ണ്ണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്‌നയുമായും ഒന്നാം പ്രതി സരിത്തുമായുമുള്ള ബന്ധം ഇത്തരത്തിലുള്ളതാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ശിവശങ്കറിനെതിരെ വിമര്‍ശനം ഉയര്‍ന്നതോടെയാണ് മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയും അഡീഷണല്‍ ചീഫ് സെക്രട്ടറിയുയം ഉള്‍പ്പെട്ട അന്വേഷണ സമിതിയെ നിയോഗിച്ചത്്. മൂന്നു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനായിരുന്നു നിര്‍ദേശം. അന്വേഷണ കാലാവധി ഇന്ന് അവസാനിക്കുകയാണ് റിപ്പോർട്ട് സമർപ്പിച്ചത്. ശിവശങ്കറുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സി.പി.എം നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്.

ശിവശങ്കറിനെതിരെ പ്രതിപക്ഷ കക്ഷികള്‍ വലിയ വിമര്‍ശനം ഉന്നയിട്ടും തിടുക്കപ്പെട്ട് നടപടി സ്വീകരിക്കാത്ത മുഖ്യമന്ത്രി സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥരെ തന്നെ അന്വേഷണത്തിന് നിയോഗിച്ച് നടപടിക്രമങ്ങള്‍ പാലിച്ചാണ് പുറത്താക്കുന്നത്.

Share this story