സ്വർണ്ണക്കടത്ത് കേസ്; സ്വപ്നയുടെ ഐ.ടി വകുപ്പിന് കീഴിലെ നിയമനം ശിവശങ്കറിന്റെ ശുപാർശയിൽ

സ്വർണ്ണക്കടത്ത് കേസ്; സ്വപ്നയുടെ ഐ.ടി വകുപ്പിന് കീഴിലെ നിയമനം ശിവശങ്കറിന്റെ ശുപാർശയിൽ

സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ ഐ.ടി വകുപ്പിന് കീഴിലെ സ്പേസ് പാർക്കിനായുള്ള ഓപ്പറേഷൻസ് മാനേജർ തസ്തികയിലേക്ക് നിയമിക്കാൻ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ശിപാർശ നടത്തി. സസ്പെൻഷൻ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ചീഫ് സെക്രട്ടറിയും ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിയും ഉൾപ്പെടുന്ന രണ്ട് അംഗ സമിതി ഇന്നലെ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലെ ആദ്യത്തെ കണ്ടെത്തലാണ് ഇത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്തത്.

മുഖ്യമന്ത്രിയുടെ ഓഫീസും സ്വപ്ന സുരേഷിന്റെ നിയമനവുമായി യാതൊരുവിധ ബന്ധവുമില്ല എന്നും സ്വപ്നയുടെ നിയമനം പിഡബ്ല്യുസി വഴിയാണെന്നുമായിരുന്നു സി.പി.എം നേതാക്കളടക്കം വാദിച്ചിരുന്നത്. എന്നാൽ ഈ വാദം ഇപ്പോൾ തെറ്റാണെന്ന് തെളിഞ്ഞിരിക്കുകയാണ്.

സ്വർണ്ണക്കടത്ത് കേസ്; സ്വപ്നയുടെ ഐ.ടി വകുപ്പിന് കീഴിലെ നിയമനം ശിവശങ്കറിന്റെ ശുപാർശയിൽ

സ്വപ്‍ന നേരത്തെ യുഎഇ കോൺസുലേറ്റിൽ കോൺസൽ ജനറലിന്റെ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. കോൺസുലേറ്റ് ഉദ്യോഗസ്ഥരുമായി, സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരടക്കമുള്ളവർ നേരിൽ ബന്ധം സ്ഥാപിക്കുന്നത് സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമാണ്. ശിവശങ്കറിന്റെ ശുപാർശയിൽ സംസ്ഥാനത്ത് കൂടുതൽ നിയമനങ്ങൾ നടന്നിട്ടുണ്ടോ എന്നതിനെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തും. ശിവശങ്കറിന് എതിരെ വകുപ്പുതല അന്വേഷണം തുടരുമെന്ന് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു.

Share this story