ശിവശങ്കറിന്റെ വിശ്വാസ്യത ഇടിഞ്ഞു; ഒരു ചാരക്കേസ് ചമക്കാൻ കേരളം അനുവദിക്കില്ല: കോടിയേരി

ശിവശങ്കറിന്റെ വിശ്വാസ്യത ഇടിഞ്ഞു; ഒരു ചാരക്കേസ് ചമക്കാൻ കേരളം അനുവദിക്കില്ല: കോടിയേരി

മുന്‍ ഐടി സെക്രട്ടറി ശിവശങ്കറിനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ശിവശങ്കറിന്റെ വിശ്വാസ്യതക്ക് കോട്ടം വന്നതായി കോടിയേരി പഞ്ഞു. ഭരണശേഷിയുള്ള ഉദ്യോഗസ്ഥനെന്ന നിലയ്ക്കാണ് ശിവശങ്കറിനെ നിയമിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ പെരുമാറ്റം ആ വിശ്വാസത്തിന് മങ്ങലേല്‍പ്പിക്കുന്നതാണ്. സ്വര്‍ണക്കടത്ത് കേസിനെ ചാരക്കേസുമായി താരതമ്യപ്പെടുത്തുകയും ചെയ്തു കോടിയേരി. ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഇനിയും ഒരു ചാരക്കേസ് ചമക്കാൻ കേരളം അനുവദിക്കില്ല. പണ്ട് ചാരക്കേസുണ്ടാക്കി ഒരു മുഖ്യമന്ത്രിയെ രാജിവെപ്പിച്ചിട്ടുണ്ട് കേരളത്തില്‍. അത് കോണ്‍ഗ്രസിലെയും യുഡിഎഫിലെയും കൊട്ടാരവിപ്ലവ കാലത്തായിരുന്നു. ഒരു ഐപിഎസ് ഉദ്യോഗസ്ഥനെയും സ്ത്രീയെയും കേന്ദ്ര ബിന്ദുവാക്കി അതിന് വേണ്ടി കഥകള്‍ തന്നെയുണ്ടാക്കി. അത് കാരണമാണ് കെ കരുണാകരന് രാജിവെക്കേണ്ടി വന്നത്. ഇനി അങ്ങനൊരു സാഹചര്യം ഉണ്ടാവുമെന്ന് കോണ്‍ഗ്രസുകാര്‍ ഒരിക്കലും കരുതേണ്ടെന്നും കോടിയേരി തുറന്നടിച്ചു.

കോവിഡ് പ്രതിരോധത്തില്‍ ലോകത്തിന് തന്നെ മാതൃകയായിട്ടാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം. അതിനെ പൊളിക്കാനായി കള്ളക്കഥകള്‍ ചമച്ച്, അരാജക സമരമാണ് പ്രതിപക്ഷം നയിക്കുന്നത്. അതിലൂടെ സര്‍ക്കാരിനെ തകര്‍ക്കാമെന്ന് വ്യാമോഹിക്കണ്ട. പാര്‍ട്ടിയിയും മുന്നണിയും ഒറ്റക്കെട്ടായി തന്നെ പിണറായി സര്‍ക്കാരിനൊപ്പമുണ്ട്. ഇനിയും ഒരു ചാരക്കേസിന് പ്രതിപക്ഷം ശ്രമിക്കേണ്ടെന്നും, കേരളം അതിന് സമ്മതിക്കില്ലെന്നും കോടിയേരി പറഞ്ഞു. അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാരിന് യാതൊന്നും മറക്കാനില്ലെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുമെന്നും കോടിയേരി പറഞ്ഞു.

കേന്ദ്ര ഏജന്‍സികളെ വെച്ച് പകപോക്കുന്നതില്‍ കേന്ദ്രത്തിന് പ്രത്യേക കഴിവുണ്ട്. അത് നിലനില്‍ക്കെ തന്നെ സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണത്തെ ഭയമില്ലെന്ന് ഞങ്ങളും സര്‍ക്കാരും പറഞ്ഞത്, ഭയപ്പെടാന്‍ ഒന്നുമില്ലാത്തത് കൊണ്ടാണ്. ശിവശങ്കറിന്റെ കാര്യത്തില്‍ സര്‍ക്കാരിന് ഒളിപ്പിക്കാന്‍ ഒന്നുമില്ല. ഏതെങ്കിലും ഉദ്യോഗസ്ഥരോ മറ്റുള്ളവരോ സ്വയം കുഴിച്ച കുഴിയില്‍ വീണിട്ടുണ്ടെങ്കില്‍ അവരെ കരകയറ്റാനുള്ള സഹായം സര്‍ക്കാരില്‍ നിന്നുണ്ടാവില്ല. അതേസമയം കേരളത്തില്‍ വരുന്ന ചുവപ്പിന്റെ നിറം കാവിയും പച്ചയുമാണ്. കാവി ബിജെപിയെയും പച്ച ചില തീവ്രവാദ സംഘടനകളെയും അവയുമായി സഹകരിക്കുന്ന മുസ്ലീം ലീഗിനെയുമാണ് പ്രതിനിധാനം ചെയ്യുന്നതെന്നും കോടിയേരി പറഞ്ഞു.

Share this story