തീരദേശ മേഖലകളിൽ സമ്പൂർണ ലോക്ക് ഡൗൺ വരും; മേഖലകളെ മൂന്നായി തരംതിരിച്ചു

തീരദേശ മേഖലകളിൽ സമ്പൂർണ ലോക്ക് ഡൗൺ വരും; മേഖലകളെ മൂന്നായി തരംതിരിച്ചു

തീരദേശ മേഖലയിൽ സ്ഥിതി അതീവ ഗുരുതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം ജില്ലയിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതുകൂടാതെ സമ്പൂർണ ലോക്ക് ഡൗൺ ഏർപ്പെടുത്തിയേക്കുമെന്ന സൂചനയും മുഖ്യമന്ത്രി നൽകി.

നിയന്ത്രണം കാര്യക്ഷമമാക്കാൻ മേഖലയെ മൂന്നായി തരംതിരിച്ചു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുന്നതിന് പോലീസിന്റെ നേതൃത്വത്തിൽ പ്രത്യേക സംവിധാനത്തിനും രൂപം നൽകിയിട്ടുണ്ട്. ഈ സംവിധാനത്തിന്റെ ചുമതലയുള്ള ഓഫീസർ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാധ്യായ ആയിരിക്കും.

പ്രത്യേക കൺട്രോൾ റൂം സജ്ജമാക്കി. ആരോഗ്യവകുപ്പും പോലീസും കോർപറേഷൻ, പഞ്ചായത്തും സംയുക്തമായി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. എല്ലാ വിവരങ്ങളും കൺട്രോൾ റൂമിൽ ലഭ്യമാക്കും. ഇതിന് പുറമെ മൂന്ന് സോണുകളിലും രണ്ട് മുതിർന്ന ഐഎഎസ് ഓഫീസർമാരെ ഇൻസിഡന്റ് കമാൻഡർമാരായി നിയമിക്കും.

അഞ്ച് തെങ്ങ് മുതൽ പെരുമാതുറ വരെയാണ് ആദ്യ സോൺ. ട്രാഫിക്ക് സൗത്ത് എസ് പി ബി കൃഷ്ണകുമാറിനാണ് ചുമതല. യു. വി ജോസ്, ഹരി കിഷോർ എന്നീ ഐഎഎസ് ഉദ്യോഗസ്ഥരാണ് സോണിലെ ഇൻസിഡന്റ് കമാൻഡർമാർ

പെരുമാതുറ മുതൽ വിഴിഞ്ഞം വരെയാണ് രണ്ടാമത്തെ സോൺ. വിജിലൻസ് എസ്പി എഇ ബൈജുവിനാണ് ഇവിടുത്തെ ചുമതല. എംജി രാജമാണിക്യം, ബാലകിരൺ എന്നീ ഐഎസ് ഉദ്യോഗസ്ഥരാണ് ഇവിടുത്തെ ഇൻസിഡന്റ് കമാൻഡർമാർ.

വിഴിഞ്ഞം മുതൽ ഊരമ്പ് വരെയാണ് മൂന്നാം സോൺ. ഈ മേഖലയിൽ പെടുന്ന കാഞ്ഞിരംകുളം പൊഴിയൂർ വരെയുള്ള മേഖലയുടെ നിയന്ത്രണം വഹിക്കുന്നത് പൊലീസ് ട്രെയ്നിംഗ് കോളജ് പ്രിൻസിപ്പൽ കെഎൽ ജോൺ കുട്ടിയാണ്. ഐഎഎസ് ഓഫിസർമാരായ വെങ്കിടേശപതിയും, ബിജു പ്രഭാകറുമാണ് ഈ സോണിലെ ഇൻസിഡന്റ് കമാൻഡർമാർ.

അരി ഭക്ഷ്യധാന്യങ്ങൾ തുടങ്ങിയവയുടെ വിതരണത്തിന് സിവിൽ സപ്ലൈസ് നടപടി സ്വീകരിക്കും. തീരദേശമേഖലയിലെ മത്സ്യബന്ധനത്തിന് കൽപ്പിച്ചിരിക്കുന്ന നിയന്ത്രണങ്ങൾ തുടരും. പൂന്തുറയിലെ പാൽ സംസ്‌കരണ യൂണിറ്റ് പ്രവർത്തനം തുടരും. മറ്റ് ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ ജില്ലാ ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share this story