തിരുവല്ലയിലെ കോൺവെന്റിൽ 29 പേർക്ക് കൊവിഡ്; കാസർകോടും ആശങ്ക വർധിക്കുന്നു

തിരുവല്ലയിലെ കോൺവെന്റിൽ 29 പേർക്ക് കൊവിഡ്; കാസർകോടും ആശങ്ക വർധിക്കുന്നു

സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ ഇന്ന് രോഗം ബാധിച്ചത് 364 പേർക്ക് ഇതിൽ 152 പേരും തിരുവനന്തപുരത്ത് നിന്നുള്ളവരാണ്. തിരുവനന്തപുരത്തെ തീരപ്രദേശത്ത് ഇന്ന് മുതൽ പത്ത് ദിവസത്തേക്ക് ലോക്ക് ഡൗൺ ഏർപ്പെടുത്തി

കണ്ണൂർ ജില്ലയിൽ സമ്പർക്കം മൂലം 15 പേർക്കാണ് രോഗബാധയുണ്ടായത്. കണ്ണൂരിലെ 18 വാർഡുകൾ പൂർണമായും അടച്ചിട്ടു. കാസർകോട് അതിർത്തിയായ കർണാടകയിലെ ദക്ഷിണ കന്നഡയിൽ രോഗവ്യാപനം ശക്തമാണ്. ഇത് കാസർകോടും രോഗവ്യാപനത്തിന് കാരണമാകുമെന്ന ആശങ്ക സൃഷ്ടിക്കുന്നു.

തിരുവല്ല ഹോളി സ്പിരിറ്റ് കോൺവെന്റിലെ 29 പേർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. പത്തനംതിട്ടയിൽ ഇന്ന് രോഗം സ്ഥിരീകരിച്ച 26 പേരിൽ 12 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. വയനാട്ടിൽ ഇന്ന് സ്ഥിരീകരിച്ച 26 കേസിൽ 11 എണ്ണവും സമ്പർക്കത്തിലൂടെയാണ്.

വയനാട്ടിലെ മൂന്ന് പഞ്ചായത്തുകളിൽ ജാഗ്രത തുടരുകയാണ്. പുൽപ്പള്ളി, തിരുനെല്ലി, മുള്ളൻ കൊല്ലി പഞ്ചായത്തുകളിലും മാനന്തവാടി നഗരസഭയിലെ നാല് വാർഡുകളും പൂതാടി, ഇടവക, തൊണ്ടനാട്, മീനങ്ങാട്, കോട്ടത്തറ, കണിയാൻപറ്റ, മേപ്പാടി പഞ്ചായത്തുകലിലെ ഏതാനും വാർഡുകളും കണ്ടെയിൻമെന്റ് സോണാണ്

ആലപ്പുഴയിൽ 23 പേർക്കാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം വ്യാപിച്ചത്. തൃശ്ശൂരിൽ അഞ്ച് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ കൂടി കണ്ടെയിൻമെന്റ് സോണാക്കും. മെഡിക്കൽ കോളജിൽ ഒരാൾ കൂടി ഇന്ന് പ്ലാസ്മ ചികിത്സയിലൂടെ രോഗമുക്തി നേടി. എറണാകുളത്ത് കൂടുതൽ ശ്രദ്ധ വേണ്ട സ്ഥിതിയാണ്. കീഴ്മാട്, ചെല്ലാനം, ആലുവ എന്നീ മൂന്ന് ക്ലസ്റ്ററുകളാണ് ജില്ലയിലുള്ളത്

കോഴിക്കോട് സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ച ഏഴ് ക്ലസ്റ്ററുകളാണുള്ളത്. ഇടുക്കിയിലെ വാഴത്തോപ്പിൽ ഏഴ് പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. നാല് പേർ ആരോഗ്യ പ്രവർത്തകരാണ്. കൊല്ലത്ത് രോഗം സ്ഥിരീകരിച്ച 53 പേരിൽ 33 പേരും സമ്പർക്ക രോഗികളാണ്. 9 പേരുടെ ഉറവിടം വ്യക്തമല്ല.

Share this story