ഇ മൊബിലിറ്റി പദ്ധതിയുടെ കൺസൾട്ടൻസിയിൽ നിന്നും പി ഡബ്ല്യു സിയെ ഒഴിവാക്കി

ഇ മൊബിലിറ്റി പദ്ധതിയുടെ കൺസൾട്ടൻസിയിൽ നിന്നും പി ഡബ്ല്യു സിയെ ഒഴിവാക്കി

സ്വർണക്കടത്ത് കേസിലും ആരോപണമുയർന്നതോടെ ഇ മൊബിലിറ്റി പദ്ധതിയുടെ കൺസൾട്ടൻസി സ്ഥാനത്ത് നിന്നും പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ കമ്പനിയെ ഒഴിവാക്കി. ഐടി വകുപ്പിന് കീഴിലെ സ്‌പേസ് പാർക് കൺസൾട്ടന്റ് സ്ഥാനത്ത് നിന്നും കമ്പനിയെ നേരത്തെ ഒഴിവാക്കിയിരുന്നു.

ഇ മൊബിലിറ്റി പദ്ധതിക്കായി പി ഡബ്ല്യു സിയെ കൺസൾട്ടൻസി ഏൽപ്പിച്ചതിൽ പ്രതിപക്ഷം നേരത്തെ രംഗത്തുവന്നിരുന്നു. എന്നാൽ കമ്പനിയെ കൺസൾട്ടൻസി ഏൽപ്പിച്ചതിൽ അപാകതയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചു. സെബി വിലക്കിയ കമ്പനിയാണ് ഇതെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം

എന്നാൽ എം ശിവശങ്കറിനെ പുറത്താക്കിയതിന് പിന്നാലെയാണ് വിവാദ വിഷയങ്ങളിൽ പുന:പരിശോധന നടക്കുന്നത്. കൺസൾട്ടൻസി കരാറുകൾ പുന:പരിശോധിക്കാൻ ഇന്നലെ ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നിർദേശിച്ചിരുന്നു. പി ഡബ്ല്യു സിക്ക് കൺസൾട്ടൻസി അനുവദിക്കുന്നതിൽ ശിവശങ്കർ ഇടപെട്ടുവെന്ന് കണ്ടെത്തിയിരുന്നു.

ഇ മൊബിലിറ്റി പദ്ധതിയുടെ കരാർ സമർപ്പിക്കാൻ പ്രൈസ് വാട്ടർ കൂപ്പേഴ്‌സിന് സമയം അനുവദിച്ചിരുന്നുവെന്നും സമയപരിധിക്കുള്ളിൽ കരട് സമർപ്പിക്കാൻ കഴിയാത്തതു കൊണ്ടാണ് ഒഴിവാക്കിയതെന്നുമാണ് സർക്കാർ വിശദീകരണം.

Share this story