ഐടി വകുപ്പിൽ ക്രമക്കേട് നടന്നോ? നിയമനങ്ങളുടെ ചുരുളഴിക്കാൻ ധനകാര്യ വിഭാഗം, അന്വേഷണത്തിന് ഉത്തരവ്!!

ഐടി വകുപ്പിൽ ക്രമക്കേട് നടന്നോ? നിയമനങ്ങളുടെ ചുരുളഴിക്കാൻ ധനകാര്യ വിഭാഗം, അന്വേഷണത്തിന് ഉത്തരവ്!!

 

തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസ് പുറത്തുവന്നതോടെയാണ് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനെതിരെ ആരോപണങ്ങളുയരുന്നത്. ഇതോടെ ഐടി സെക്രട്ടറി സ്ഥാനത്തുനിന്നും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തുനിന്നും ശിവശങ്കറിനെ മാറ്റിനിർത്തിയിരുന്നു. ആരോപണങ്ങൾ ശക്തമായ സാഹചര്യത്തിലാണ് ശിവശങ്കറിനെക്കുറിച്ച് ഉടൻ റിപ്പോർട്ട് നൽകാൻ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയ്ക്ക് നിർദേശം നൽകിയിട്ടുള്ളത്.

സ്വർണ്ണക്കടത്ത് കേസിൽ പിടിയിലായ സ്വപ്ന സുരേഷിനെ ഐടി വകുപ്പിന് കീഴിൽ നിയമനം നടത്തിയതിൽ പിഴവുണ്ടായെന്നും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി കണ്ടെത്തിയിരുന്നു. ബന്ധങ്ങൾ ഉണ്ടാക്കുമ്പോൾ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പോലെ ഉന്നത പദവിയിലിരിക്കുന്ന ഒരാൾ പുലർത്തേണ്ട ജാഗ്രത പോലും ശിവശങ്കറിൽ നിന്നും ഉണ്ടായില്ലെന്നാണ് സമിതിയുടെ വിലയിരുത്തൽ. സർവീസ് ചട്ടങ്ങൾ ലംഘിച്ചതിനാണ് ശിവശങ്കറിനെതിരെ നടപടി സ്വീകരിക്കുക. യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരുമായി ഔദ്യോഗികമായ രീതിയിലല്ലാത്ത ബന്ധം പുലർത്തിയതും തനിക്ക് വേണ്ടപ്പെട്ടവർക്ക് നിയമനം നൽകിയതും വീഴ്ചയായി തന്നെയാണ് കണക്കാക്കുന്നത്.

സ്വർണ്ണക്കടത്ത് കേസ് പുറത്തുവന്നതിന് പിന്നാലെ ഐടി വകുപ്പിലെ നിയമനം സംബന്ധിച്ച് ധനകാര്യ പരിശോധനാ വിഭാഗം അന്വേഷിക്കും. കെഎസ്ഐടിഎല്ലിൽ ഉൾപ്പെടെ നടന്നിട്ടുള്ള മുഴുവൻ നിയമനങ്ങളെക്കുറിച്ചും അന്വേഷിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി നിർദേശിച്ചിരുന്നു. സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ കെഎസ്ഐടിഎല്ലിലെ നിയമനം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറിന്റെ ശുപാർശയോടെയാണെന്ന് കണ്ടെത്തിയതോടെയാണ് ധനകാര്യ പരിശോധനാ വിഭാഗം ഇക്കാര്യം അന്വേഷിക്കാൻ സമിതി നിർദേശിക്കുന്നത്. പിഡബ്ല്യുസി വഴിയായിരുന്നു സ്വപ്നയുടെ നിയമനമെന്നാണ് നേരത്തെ പറയപ്പെട്ടിരുന്നത്. ഈ വാദമാണ് ഇപ്പോൾ തെറ്റാണെന്ന് തെളിഞ്ഞിട്ടുള്ളത്. മുഖ്യമന്ത്രിക്ക് ചീഫ് സെക്രട്ടറി കഴിഞ്ഞ ദിവസം സമർപ്പിച്ച റിപ്പോർട്ടിലും ഇക്കാര്യം പരാമർശിച്ചിട്ടുണ്ട്.

കോൺസുലേറ്റ് ഉദ്യോഗസ്ഥരുമായി സംസ്ഥാനത്തെ ഉന്നത സർക്കാർ ഉദ്യോഗസ്ഥരുൾപ്പെടെ ഉള്ളവർ നേരിട്ട് ബന്ധം സ്ഥാപിക്കുന്നത് ചട്ടലംഘനമായാണ് കണക്കാക്കുന്നത്. ഇത് സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള അ ന്വേഷണ സമിതി കണ്ടെത്തിയിരുന്നു. ഇതോടെയാണ് ശിവശങ്കറിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യുന്നത്.

ഐടി വകുപ്പിന് കീഴിൽ നടന്നിട്ടുള്ള എല്ലാ നിയമനങ്ങളെക്കുറിച്ചും ധനകാര്യ പരിശോധനാ വിഭാഗം അന്വേഷണം നടത്തും. വകുപ്പിന് കീഴിൽ നടന്നിട്ടുള്ള എല്ലാ നിയമനങ്ങളും സുതാര്യമാണെന്ന് ഉറപ്പാക്കുന്നതിന് വേണ്ടിയാണ് നടപടിക്രമങ്ങൾ. ഉദ്യോഗാർത്ഥികൾ സമർപ്പിച്ച രേഖകൾ പരിശോധിക്കാനും സർക്കാർ ഇത് സംബന്ധിച്ച് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നുണ്ട്. സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമായി ശിവശങ്കറിനുള്ള ബന്ധത്തെത്തുടർന്ന് ആദ്യം പദവികളിൽ നിന്ന് സർക്കാർ മാറ്റി നിർത്തിയിരുന്നു. എന്നാൽ ആരോപണങ്ങൾ ശക്തമായതോടെയാണ് ഇദ്ദേഹത്തിമെതിരെ സർക്കാർ കൂടുതൽ കടുത്ത നടപടികളിലേക്ക് നീങ്ങുന്നത്. സ്വപ്നയുടെ നിയമനത്തിൽ പ്രോട്ടോക്കോൾ ലംഘിച്ചാണ് ഇടപെട്ടിരുന്നതെന്നും സമിതി കണ്ടെത്തിയിരുന്നു.

ഐടി വകുപ്പിന് കീഴിലുള്ള സ്പേസ് പാർക്ക് ഓപ്പറേഷൻസ് മാനേജരായി സ്വപ്നയെ നിയമിച്ചതിന് പിന്നിൽ എം ശിവശങ്കറാണെന്ന് ഇദ്ദേഹത്തിന്റെ സസ്പെൻഷൻ ഉത്തരവിലാണ് വ്യക്തമാക്കിയിട്ടുള്ളത്. യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥയായിരുന്ന സ്വപ്നയെയാണ് ശിവശങ്കർ സ്പേസ് പാർക്ക് ഓപ്പറേഷൻസ് മാനേജരായി ശുപാർശ ചെയ്യുന്നത്. ശിവശങ്കർ സിവിൽ സർവീസ് ചട്ടങ്ങൾ ലംഘിച്ചതായി സ്വർണ്ണക്കടത്ത് കേസ് പുറത്തുവന്നതോടെ മുഖ്യമന്ത്രിയുടെ ആവശ്യ പ്രകാരം ശിവശങ്കറിനെക്കുറിച്ച് അന്വേഷിച്ച ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി കണ്ടെത്തിയിരുന്നു.

എം ശിവശങ്കറിനെക്കുറിച്ച് ചീഫ് നേതൃത്വത്തിലുള്ള സമിതി കഴിഞ്ഞ ദിവസം ഈ റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് ഐടി സെക്രട്ടറി സ്ഥാനത്തുനിന്നും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ സ്ഥാനത്ത് നിന്നും ശിവശങ്കറിനെ സസ്പെൻഡ് ചെയ്തത്. നടപടിക്ക് പിന്നാലെ ശിവശങ്കറിനെതിരെ വകുപ്പുതല അന്വേഷണം നടത്തുമെന്ന കാര്യവും മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു.

കേരള സർക്കാരിലെ മറ്റ് വകുപ്പിൽ പ്രവർത്തിച്ചിരുന്ന എം ശിവശങ്കറിന് 2000ലാണ് സ്ഥാനക്കയറ്റം വഴി ഐഎഎസ് ലഭിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായും ഐടി സെക്രട്ടറിയായും പ്രവർത്തിച്ചിരുന്ന ശിവശങ്കറിനെ സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായി ഉണ്ടായിരുന്ന ബന്ധത്തിന്റെ പേരിലാണ് ഇരു പദവികളിൽ നിന്നും മാറ്റുന്നത്. ശിവശങ്കറിന്റെ നിർദേശം അനുസരിച്ച് സ്വർണ്ണക്കടത്ത് സംഘത്തിന് സെക്രട്ടറിയേറ്റിന് സമീപത്ത് ഫ്ലാറ്റ് ബുക്ക് ചെയ്ത സംഭവത്തിലും പ്രതിസ്ഥാനത്ത് ശിവശങ്കറാണുള്ളത്. ഫ്ലാറ്റ് ബുക്ക് ചെയ്ത അരുൺ ബാലചന്ദ്രനെയും കഴിഞ്ഞ ദിവസം ഐടി വകുപ്പിൽ നിന്ന് മാറ്റിയിരുന്നു.

Share this story