ഡമ്മി ബാഗേജ് അയച്ച് പരീക്ഷണം; പിടിക്കില്ലെന്നുറപ്പായപ്പോൾ കടത്തിയത് 230 കിലോ സ്വർണം

ഡമ്മി ബാഗേജ് അയച്ച് പരീക്ഷണം; പിടിക്കില്ലെന്നുറപ്പായപ്പോൾ കടത്തിയത് 230 കിലോ സ്വർണം

തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്താനായി പ്രതികൾ വലിയ മുന്നൊരുക്കം തന്നെ നടത്തിയിരുന്നതായാണ് തെളിയുന്നത്. ആദ്യം ഡമ്മി ബാഗേജ് ഉപയോഗിച്ച് പരീക്ഷണം നടത്തി. പിടിക്കില്ലെന്ന് ഉറപ്പായതോടെ 23 തവണയാണ് ഡിപ്ലാമാറ്റിക് ബാഗേജ് ഉപയോഗിച്ച് പ്രതികളായ സ്വപ്‌നയും സരിത്തും സന്ദീപുമൊക്കെ ചേർന്ന് സ്വർണം കടത്തിയത്.

കഴിഞ്ഞ വർഷം ജൂണിലാണ് നയതന്ത്ര ചാനൽ വഴി ഡമ്മി ബാഗ് കടത്തി പരീക്ഷിച്ചത്. പിന്നീട് പലതവണകളായി 230 കിലോ സ്വർണം കടത്തിയതായാണ് വിവരം. എന്നാൽ, ഇതുവരെ പിടിച്ചത് 30 കിലോ മാത്രം! നയതന്ത്ര ബാഗേജ് വഴി കടത്തിയ 200 കിലോ സ്വർണത്തെ കുറിച്ച് അന്വേഷിക്കും. സ്വപ്ന സുരേഷും സംഘവും ചേർന്ന് 23 തവണ സ്വർണം കടത്തിയതായാണ് കസ്റ്റംസിനു വിവരം ലഭിച്ചിരിക്കുന്നത്.

23 തവണയും ബാഗേജ് വിമാനത്താവളത്തിൽ എത്തി കൈപ്പറ്റിയത് സരിത്താണ്. ഒരു തവണ 152 കിലോ വരെ വരുന്ന ബാഗേജ് വിമാനത്താവളം വഴി എത്തിയിരുന്നു. പിടിച്ചെടുത്ത ബാഗേജിന് 79 കിലോ ആയിരുന്നു ഭാരം. ഇതിൽ 30 കിലോയും സ്വർണമായിരുന്നു.

Share this story