ഉത്രക്ക് ജ്യൂസില്‍ കലക്കി നല്‍കിയത് സൂരജിന്റെ അലര്‍ജി ഗുളികകള്‍; 102 മൊഴികള്‍; നിര്‍ണ്ണായകം

ഉത്രക്ക് ജ്യൂസില്‍ കലക്കി നല്‍കിയത് സൂരജിന്റെ അലര്‍ജി ഗുളികകള്‍; 102 മൊഴികള്‍; നിര്‍ണ്ണായകം

കൊല്ലം അഞ്ചല്‍ ഉത്ര കൊലപാതക കേസില്‍ അനുദിനം ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. കുറ്റകൃത്യം ചെയ്യുന്നതിന് മുമ്പ് ഭര്‍ത്താവായ സൂരജ് ഉത്രക്ക് ഗുളികള്‍ നല്‍കിയിരുന്നു. ഇത് സൂരജ് കുട്ടികാലം മുതല്‍ ഉപയോഗിച്ചിരുന്ന അലര്‍ജിയുടെ ഗുളികളാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
കഴിഞ്ഞ ദിവസമായിരുന്നു കേസില്‍ രാസപരിശോധന ഫലം പുറത്ത് വന്നത്. ഉത്രയുടെ ശരീരത്തില്‍ നിന്നും മൂര്‍ഖന്‍ പാമ്പിന്റെ വിഷം കണ്ടെത്തിയെന്ന് രാസ പരിശോധന ഫലത്തില്‍ വ്യക്തമായിരുന്നു. സംഭവം കൊലപാതകം തന്നെയാണെന്ന് തെളിയിക്കാന്‍ കഴിയുന്ന നിരവധി വിവരങ്ങളും അതില്‍ ഉണ്ടായിരുന്നു.

ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിക്കുന്നതിന് മുമ്പ് സെട്രിസിന്‍, പിരസിറ്റമോള്‍ എന്നീ ഗുളികകള്‍ അമിതമായി ജ്യൂസില്‍ കലര്‍ത്തി നല്‍കിയിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിനെ സാധൂകരിക്കുന്ന മൊഴികളാണ് ഡോക്ടര്‍മാരും നല്‍കിയിരിക്കുന്നത്.

സൂരജ് കുട്ടികാലം മുതല്‍ അലര്‍ജി ഗുളികകള്‍ ഉപയോഗിച്ചിരുന്നുവെന്നാണ് ഡോക്ടറുടെ മൊഴി. ഡോക്ടറുടെ കുറിപ്പടിയും സൂരജിന്റെ മുറിയില്‍ നിന്നും അന്വേഷണം സംഘം കണ്ടെത്തിയിരുന്നു. ഇതോടെ അന്വേഷണം അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്.

മെഡിക്കല്‍ ഷോപ്പ് ഉടമയുടെ മൊഴിയും നിര്‍ണ്ണായകമാണ്. ഉത്രയുടെ കൊലപാതകം നടക്കുന്നതിന് മുമ്പ് സൂരജ് അളവില്‍ കൂടുതല്‍ ഗുളികകള്‍ വാങ്ങിയിരുന്നുവെന്നാണ് മെഡിക്കല്‍ ഷോപ്പ് ഉടമ വ്യക്തമാക്കി. അലര്‍ജിയുടെ ഗുളികകള്‍ അളവില്‍ കൂടുതല്‍ ഉത്രക്ക് നല്‍കിയിരുന്നുവെന്ന് സൂരജും അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്.

ഇതോടെ കേസിലെ എല്ലാ മൊഴികളും സൂരജിനും കുടുംബത്തിനും അനുകൂലമായിരിക്കുകയാണ്. കേസിലെ ഫോറന്‍സിക് പരിശോധന ഫലം അന്വേഷണം സംഘത്തിന് നാളെ ലഭിക്കും. ഇതുവരേയും 102 പേരുടെ മൊഴിയാണ് അന്വേഷണം സംഘം രേഖപ്പെടുത്തിയിരിക്കുന്നത്. ഒപ്പം സൂരജിന്റെ അമ്മയേയിം സഹോദരിയേയും വീണ്ടും ചോദ്യം ചെയ്യാനിരിക്കുകയാണ്.

അതേസമയം ഉത്രയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയതോടെ മൂര്‍ഖന്‍ പാമ്പിന്റെ ഡിഎന്‍എ പരിശോധിച്ചിരുന്നു. ഡിഎന്‍എ പരിശോധന ഫലം ഉള്‍പ്പെടെ നിരവധി റിപ്പോര്‍ട്ടുകള്‍ ഇനിയും പുറത്ത് വരാനുണ്ട്.കൊലപാതകം ചെയ്തത് താനാണെന്ന് സൂരജ് പരസ്യമായി കുറ്റസമ്മതം നടത്തിയിരുന്നു. അടൂരിലെ വീട്ടില്‍ സൂരജിനെ തെളിവെടുപ്പിന് എത്തിച്ചപ്പോഴായിരുന്നു സൂരജ് കുറ്റസമ്മതം നടത്തിയത്.

സൂരജ് പരസ്യ കുറ്റസമ്മതം നടത്തിയത് കുടുംബത്തെ രക്ഷിക്കാനുളള ശ്രമത്തിന്റെ ഭാഗമായാണ് എന്നാണ് ഉത്രയുടെ സഹോദരന്‍ ആരോപിക്കുന്നത്. സൂരജ് ആണ് കൊല നടത്തിയത് എന്ന് പോലീസ് തെളിയിച്ച് കഴിഞ്ഞു. കേസില്‍ സൂരജിന്റെ കുടുംബവും ഉള്‍പ്പെട്ടിട്ടുണ്ട്. അവരെ രക്ഷിക്കാനാണിത് സൂരജിന്റെ ശ്രമമെന്നും ഉത്രയുടെ സഹോദരന്‍ ആരോപിച്ചു.

കേസിന്റെ ആദ്യഘട്ടത്തില്‍ വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ താന്‍ കൊന്നിട്ടില്ലെന്നും പോലീസ് മര്‍ദ്ദിച്ച് കുറ്റം സമ്മതിപ്പിച്ചതാണ് എന്നുമാണ് സൂരജ് ആരോപിച്ചത്. പിന്നീട് പലതവണ സൂരജ് കുറ്റം സമ്മതിച്ചു. സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനെ ഇതിനകം തന്നെ പോലീസ് അറസ്‌ററ് ചെയ്തിട്ടുണ്ട്. ഇയാള്‍ റിമാന്‍ഡിലാണ്. സൂരജ് പാമ്പിനെ വാങ്ങിയ പാമ്പ് പിടുത്തക്കാരന്‍ സുരേഷിനെ കേസില്‍ മാപ്പ് സാക്ഷിയാക്കിയേക്കും

Share this story