എന്ത് മാന്യനായ കള്ളന്‍; മോഷ്ടിച്ച സ്മാര്‍ട്ട് ഫോണ്‍ തിരിച്ച് നല്‍കി, അതും കൊറിയര്‍ വഴി എത്തിച്ചു!!

എന്ത് മാന്യനായ കള്ളന്‍; മോഷ്ടിച്ച സ്മാര്‍ട്ട് ഫോണ്‍ തിരിച്ച് നല്‍കി, അതും കൊറിയര്‍ വഴി എത്തിച്ചു!!

വടക്കഞ്ചേരി: കള്ളന്‍മാരെ ഇപ്പോള്‍ പലയിടത്തും പേടിച്ച് കഴിയേണ്ട അവസ്ഥയാണ്. മുമ്പ് കായംകുളം കൊച്ചുണ്ണിയെ പോലുള്ള മാന്യന്‍മാരായ കള്ളന്‍മാര്‍ വരെ ഉണ്ടായ നാടാണിത്. അത്തരമൊരു കാര്യമാണ് പാലക്കാട് നിന്ന് കേട്ടത്. മോഷ്ടിച്ച ഫോണ്‍ കള്ളന്‍ കൊറിയര്‍ വഴി ഉടമകള്‍ക്ക് തിരിച്ച് നല്‍കിയിരിക്കുകയാണ്. എന്തായാലും മോഷ്ടാക്കളും ഇടയില്‍ ഇത് ചര്‍ച്ചയാകുമെന്ന് പ്രതീക്ഷിക്കാം. ഫോണ്‍ തിരിച്ചുകിട്ടിയതില്‍ ഉടമകള്‍ പോലും അമ്പരന്നിരിക്കുകയാണ്.

ഏറ്റവും രസകരമായ കാര്യം കൈയ്യില്‍ വെച്ചാല്‍ മോഷ്ടിച്ച ഫോണുമായി താന്‍ പിടിയിലാകുമെന്ന് ഭയന്നാണ് കള്ളന്‍ ഈ സാഹസമെല്ലാം കാണിച്ചത്. എന്തായാലും കൊറിയറിലൂടെ ഫോണ്‍ ലഭിച്ച കാര്യം പോലീസിനെ പോലും ഞെട്ടിച്ചിരിക്കുകയാണ്. ഹോട്ടലില്‍ നിന്നുമാണ് ഈ ഫോണ്‍ കവര്‍ന്നത്. പോലീസില്‍ പരാതി അടക്കം നല്‍കിയിരുന്നു. കള്ളന്‍ ഇതറിഞ്ഞെന്നാണ് കരുതുന്നത്. കൃത്യം മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം കൊറിയറിലൂടെ ഉടമകള്‍ക്ക് ഫോണ്‍ തിരിച്ച് ലഭിക്കുകയായിരുന്നു.

വടക്കഞ്ചേരി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ഹോട്ടലില്‍ പാചക തൊഴിലാളിയായ സുജിത്തിന്റെ ഫോണാണ് കഴിഞ്ഞ ദിവസം കള്ളന്‍ അടിച്ച് കൊണ്ടുപോയത്. തന്റെ പ്രിയഫ്‌പെട്ട ഫോണ്‍ കാണാതായ സംഭവത്തില്‍ പെട്ടെന്ന് തന്നെ സുജിത്ത് പരാതിയും നല്‍കി. വടക്കഞ്ചേരി പോലീസിലായിരുന്നു ഇക്കാര്യത്തില്‍ സുജിത്ത് പരാതി നല്‍കിയത്. എന്തായാലും പോലീസിനെ കള്ളന്‍മാര്‍ക്ക് ഭയമുണ്ടെന്ന് മനസ്സിലായിരിക്കുകയാണ്. പോലീസ് ഇടപെടും മുമ്പ് തന്നെ ഫോണ്‍ സുജിത്തിന്റെ കൈയ്യിലെത്തുകയും ചെയ്തു.

പരാതി നല്‍കി കൃത്യം മൂന്നാം ദിവസം തന്നെ ഫോണ്‍ തിരികെ ലഭിച്ചെന്ന് സുജിത്ത് പറയുന്നു. വടക്കഞ്ചേരിയില്‍ തന്നെയുള്ള കൊറിയര്‍ സര്‍വീസ് വഴിയാണ് ഈ ഫോണ്‍ തിരികെ വന്നതെന്ന് ഉടമ പറയുന്നു. കള്ളന് മാനസാന്തരമുണ്ടായെന്ന് സുജിത്ത് പറഞ്ഞു. മോഷ്ടാവ് ഫോണ്‍ ഉപയോഗിക്കാന്‍ തുടങ്ങിയാല്‍ കണ്ടെത്താമെന്ന പോലീസ് സൈബര്‍സെല്ലിന്റെ ഉറപ്പിലാണ് സുജിത്ത് പ്രതീക്ഷ വെച്ചിരുന്നത്. ഒരിക്കലും ഫോണ്‍ തിരിച്ചെത്തുമെന്നോ, പ്രത്യേകിച്ച് കൊറിയര്‍ വഴി എത്തുമെന്നോ പ്രതീക്ഷിച്ചിരുന്നില്ല.

Share this story