കേരളത്തിൽ താമസിക്കാനുറച്ച് യുഎസ് പൗരൻ ഹൈക്കോടതിയിൽ

കേരളത്തിൽ താമസിക്കുന്നതിന് അനുവദിക്കണമെന്ന ആവശ്യവുമായി ഒരു അമേരിക്കൻ പൗരൻ ഹൈക്കോടതിയെ സമീപിച്ചു. കോവിഡ് 19നോടുള്ള കേരളത്തിന്റെ ജാഗ്രതാപൂർണമായ പ്രതികരണമാണ് ജോണി പോൾ പിയേഴ്‌സ് എന്ന 74കാരനെ ആകർഷിച്ചത്.

ടൂറിസ്റ്റ് വിസയിലെത്തിയ പിയേഴ്‌സ് കഴിഞ്ഞ 5 മാസങ്ങളായി കൊച്ചി നഗരത്തിലാണ് താമസിക്കുന്നത്. തന്റെ ടൂറിസ്റ്റു വിസ ഒരു ബിസിനസ് വിസയാക്കി മാറ്റണമെന്നാണ് ആവശ്യം. സ്വന്തം രാജ്യമായ യുഎസ് കോവിഡ് 19 കാരണം ആകെ ആശയക്കുഴപ്പത്തിൽ അകപ്പെട്ടിരിക്കുകയാണെന്നാണ് അദ്ദേഹം പറയുന്നത്. കോവിഡ് 19നുമായി യുഎസ് പോരടിക്കുമ്പോൾ ഇന്ത്യയിൽ സ്ഥിരതാമസമാക്കുന്നതിനാണ് ആഗ്രഹം.

ഇന്ത്യ പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടർന്ന് നൂറുകണക്കിന് വിദേശ ടൂറിസ്റ്റുകൾ രാജ്യത്ത് കുടുങ്ങിപ്പോയിരുന്നു.

ഇന്ത്യയിൽ സംഭവിക്കുന്നത് തന്നെ വളരെ ആകർഷിക്കുന്നതായി പിയേഴ്‌സ് പറയുന്നു. യുഎസിൽ ആൾക്കാർ കോവിഡ് 19 കാര്യമാക്കുന്നില്ല. വിസയുടെ കാലാവധി മറ്റൊരു 180 ദിവസത്തേക്കു കൂടി നീട്ടി ഒരു ബിസിനസ് വിസയാക്കി അത് മാറ്റണമെന്നാണ് കോടതി മുമ്പാകെ ഉന്നയിച്ച ആവശ്യം. ഇവിടെയൊരു ട്രാവൽ കമ്പനി തുടങ്ങാൻ ആഗ്രഹിക്കുന്നു. കുടുംബത്തെയും ഒപ്പം കൂട്ടാൻ ശ്രമിക്കും.

2020 ഫെബ്രുവരി 26 നാണു ജോണി പോൾ പിയേഴ്‌സ് അഞ്ചാമത് തവണ കേരളത്തിലെത്തിയത്.

അധികം കഴിയുന്നതിനു മുമ്പു തന്നെ മഹാമാരി നേരിടുന്നതിനായി ഗവണ്മെന്റ് സമ്പൂർണ്ണ ലോക്ക്ഡൌൺ പ്രഖ്യാപിച്ചു. രാജ്യത്തിന് പുറത്തേക്കു പറക്കാൻ കഴിയാത്ത സ്‌ഥിതിയുണ്ടായി.

കേരളത്തിണ്റ്റെ ടൂറിസം ശേഷി കണക്കിലെടുത്ത് ഇവിടെയൊരു ട്രാവൽ കമ്പനി തുടങ്ങുകയെന്ന ആശയമാണ് മനസ്സിലുള്ളത്. അതുകൊണ്ടാണ് താമസിക്കാനുള്ള കാലാവധി നീട്ടി നൽകുന്ന ഒരു ബിസിനസ് വിസ ആവശ്യപ്പെടുന്നത്.

ഇന്ത്യയുടെ ഇമ്മിഗ്രേഷൻ ചട്ടങ്ങളനുസരിച്ച് യുകെ, യുഎസ്,കാനഡ,ജപ്പാൻ എന്നിവിടങ്ങളിലെ പാസ്സ്പോർട്ടുകൾ ഉള്ള ഇലക്ട്രോണിക് ഇന്ത്യൻ ടൂറിസ്റ്റു വിസയുള്ളവരെ പരമാവധി 180 ദിവസങ്ങൾ അല്ലെങ്കിൽ 6 മാസങ്ങളാണ് താമസിക്കാൻ അനുവദിക്കുക.

Share this story