കടലാക്രമണം രൂക്ഷം; തീരമേഖലയ്ക്ക് പ്രത്യേക സഹായം: മുഖ്യമന്ത്രി

കടലാക്രമണം രൂക്ഷം; തീരമേഖലയ്ക്ക് പ്രത്യേക സഹായം: മുഖ്യമന്ത്രി

കടലാക്രമണം പലയിടത്തും രൂക്ഷമാണ്. അവിടങ്ങളില്‍ ആളുകള്‍ക്ക് പ്രത്യേക പരിഗണനയോടെ സഹായം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തീരദേശങ്ങളില്‍ ഹോം ക്വാറന്റീനില്‍ കഴിയുന്നവരുണ്ടെങ്കില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് അവരെ സൗകര്യപ്രദമായി മാറ്റണം എന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഭക്ഷ്യകിറ്റുകള്‍ നല്‍കിത്തുടങ്ങിയിട്ടുണ്ട്. അതോടൊപ്പം ഭക്ഷണം പാകം ചെയ്യാനാകാത്തവര്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന ഭക്ഷണം എത്തിച്ചുനല്‍കാനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനത്ത് നടക്കുന്ന തൊഴില്‍ അഭിമുഖങ്ങളും മറ്റും സാമൂഹിക അകലം പാലിച്ചുവേണം എന്ന് ചില അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാര്‍ക്കറ്റുകളില്‍ പ്രത്യേകം ശ്രദ്ധിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹോള്‍സെയില്‍, റീട്ടെയില്‍ മാര്‍ക്കറ്റുകളില്‍ ക്രമീകരണങ്ങളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തും. സംസ്ഥാനത്തെ വിവിധ മാര്‍ക്കറ്റുകളില്‍ കട ഉടമകള്‍ സര്‍ക്കാരിന്റെയും പൊലീസിന്റെയും നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇവര്‍ക്കെതിരെ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ അറസ്റ്റും പ്രോസിക്യൂഷനും ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കും. നിയമലംഘനം നടത്തുന്ന കടകള്‍ അടച്ചുപൂട്ടാനും നടപടിയെടുക്കും.

കൊവിഡ് ബാധിതരാകുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അവര്‍ക്ക് ആവശ്യമായ അടിയന്തരചികിത്സ നല്‍കുന്നതിന് ആരോഗ്യ വകുപ്പ് അധികൃതര്‍ക്കും സംസ്ഥാന പൊലീസ് മേധാവിക്കും നിര്‍ദ്ദേശം നല്‍കി. മാസ്‌ക് ധരിക്കാത്ത 5022 സംഭവങ്ങള്‍ സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്റീന്‍ ലംഘിച്ച ഒന്‍പത് പേര്‍ക്കെതിരെ ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു.

Share this story