സ്വര്‍ണക്കടത്ത് പ്രതികളുമായി ബന്ധമില്ല; മുഖ്യമന്ത്രിയുമായുള്ള ബന്ധം 18 വര്‍ഷം പഴക്കമുള്ളത്: കിരണ്‍ മാര്‍ഷല്‍

സ്വര്‍ണക്കടത്ത് പ്രതികളുമായി ബന്ധമില്ല; മുഖ്യമന്ത്രിയുമായുള്ള ബന്ധം 18 വര്‍ഷം പഴക്കമുള്ളത്: കിരണ്‍ മാര്‍ഷല്‍

ആലപ്പുഴ: സ്വര്‍ണക്കടത്ത് കേസ് പ്രതികളെ ഒളിവില്‍ പോകാന്‍ സഹായിച്ചുവെന്ന പ്രതിപക്ഷ ആരോപണം നിഷേധിച്ച് തുറവൂര്‍ സ്വദേശി കിരണ്‍ മാര്‍ഷല്‍. തനിക്ക് സ്വര്‍ണക്കടത്ത് കേസ് പ്രതികളെ അറിയില്ലെന്നും തന്നെ ആരോപണത്തില്‍ പെടുത്തുക വഴി മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്താനാണ് തല്‍പര കക്ഷികള്‍ ശ്രമിക്കുന്നെതന്നും തുറവൂര്‍ സ്വദേശിയും ജില്ലാ റൈഫിള്‍സ് ക്ലബ് ഭാരവാഹിയുംമായ കിരണ്‍ മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രിയുമായി തനിക്ക് 18 വര്‍ഷത്തെ ആത്മബന്ധമുണ്ട്. അതുകൊണ്ടാണ് തനിക്കെതിരെ ആരോപണങ്ങള്‍ വരുന്നതെന്ന് കിരണ്‍ മാര്‍ഷല്‍ പറഞ്ഞു. തന്നെ കരുവാക്കി മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമിക്കുന്നത്. റിയല്‍ എസ്റ്റേറ്റ് വ്യവസായിയാണ് കിരണ്‍ മാര്‍ഷന്‍. ഷെയര്‍ ഇട്ട് ഒരു റെസ്റ്റോറന്റും നടത്തുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രി പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോള്‍ ഉപയോഗിച്ചിരുന്ന കാറാണ് കിരണ്‍ മാര്‍ഷല്‍ ഉപയോഗിച്ചിരുന്നതെന്ന ആരോപണത്തിനും അദ്ദേഹം മറുപടി നല്‍കി. മുഖ്യമന്ത്രി പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോള്‍ ഉപയോഗിച്ചിരുന്ന കാര്‍ പഴകിയപ്പോള്‍ അത് വില്‍ക്കാന്‍ ശ്രമിച്ചിരുന്നു. ആ കാര്‍ താന്‍ പണം കൊടുത്താണ് വാങ്ങിയതെന്നും കിരണ്‍ മാര്‍ഷല്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ബിജെപി വക്്താവ് വിവി രാജേഷും ചൊവ്വാഴ്ച രാവിലെ യുഡിഎഫ് കണ്‍വീനര്‍ ബെന്നിബഹനാനുമാണ് സ്വര്‍ണക്കടത്ത് കേസ് പ്രതികളെ ഒളിവില്‍ പോകാന്‍ സഹായിച്ച വ്യക്തിയെന്ന ആരോപണം കിരണ്‍ മാര്‍ഷലിനെതിരെ ഉന്നയിച്ചത്. എന്നാല്‍ ഉന്നത രാഷ്ട്രീയ ബന്ധമുള്ള വ്യക്തിയെന്ന് മാത്രമേ പുറത്തുവന്നിരുന്നുള്ളു. വീടും മറ്റ് വിവരങ്ങളും പുറത്തുവന്നിരുന്നില്ല.

സ്വപ്‌നയ്ക്കും കുടുംബത്തിനും, സന്ദീപിനും ഇയാള്‍ തുറവൂരില്‍ മൂന്ന് ദിവസം ഒളിവില്‍ കഴിയാന്‍ അവസരം ഒരുക്കിയെന്നും ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ പ്രതികളെ അറിയില്ലെന്ന് പറഞ്ഞ കിരണ്‍ ആരോപണങ്ങളെല്ലാം പൂര്‍ണമായും നിഷേധിച്ചിരിക്കുകയാണ്.

Share this story