ശക്തിയേറിയ തിരമാലകൾക്ക് സാധ്യത: കേരള തീരത്ത് മൽസ്യതൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

ശക്തിയേറിയ തിരമാലകൾക്ക് സാധ്യത: കേരള തീരത്ത് മൽസ്യതൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

തിരുവനന്തപുരം: ശക്തമായ തിരമാലയ്ക്ക് സാധ്യതയുള്ളതിനാൽ കേരള തീരത്ത് മത്സ്യ തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം. ചൊവ്വാഴ്ച മുതൽ 22-07-2020 രാത്രി 11.30 വരെയുള്ള സമയത്ത് പൊഴിയൂർ മുതൽ കാസർഗോഡ് വരെയുള്ള കേരള തീരത്ത് 3 മുതൽ 4.2 മീറ്റർ വരെ ഉയരത്തിൽ തിരമാലക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന കേന്ദ്രത്തിന്റെ (INCOIS) അറിയിപ്പ്. പ്രസ്തുത മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കേരള തീരത്ത് നിന്ന് മൽസ്യ തൊഴിലാളികൾ കടലിൽ പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

ബുധനാഴ്ച മുതൽ വെള്ളിയാഴ്ച വരെ കേരള തീരത്ത് അറബിക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കി മി വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആയതിനാൽ കേരള തീരത്ത് നിന്ന് ഈ ദിവസങ്ങളിൽ ദിവസങ്ങളിൽ മൽസ്യ ബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

ചൊവ്വാഴ്ച മുതൽ വെള്ളിയാഴ്ച വരെ തെക്ക്-പടിഞ്ഞാറൻ അറബിക്കടൽ പ്രദേശങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കി മി വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ ലക്ഷദ്വീപ്, മാലിദ്വീപ് മേഖലകളിൽ മണിക്കൂറിൽ 40 മുതൽ 50 കി മി വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.

ചൊവ്വാഴ്ച മുതൽ വെള്ളിയാഴ്ച വരെ മധ്യ-പടിഞ്ഞാറൻ അറബിക്കടൽ, മധ്യ-കിഴക്കൻ അറബിക്കടൽ (22 മുതൽ 24 വരെ) എന്നീ സമുദ്ര പ്രദേശങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി മീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും കർണാടക തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കി മി വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്നും അതിനാൽ പ്രസ്തുത പ്രദേശങ്ങളിൽ മത്സ്യതൊഴിലാളികൾ മത്സ്യ ബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും മത്സ്യതൊഴിലാളികൾക്ക് മുന്നറിപ്പ് നൽകിയിട്ടുണ്ട്.

Share this story