സ്വർണ്ണക്കടത്ത് കേസ്: യുഎഇ കോണ്‍സുലേറ്റ് ഗണ്‍മാന്‍ ജയഘോഷിന് സസ്‌പെന്‍ഷന്‍, വകുപ്പ് തല അന്വേഷണവും

സ്വർണ്ണക്കടത്ത് കേസ്: യുഎഇ കോണ്‍സുലേറ്റ് ഗണ്‍മാന്‍ ജയഘോഷിന് സസ്‌പെന്‍ഷന്‍, വകുപ്പ് തല അന്വേഷണവും

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് ജനറലിന്റെ ഗണ്‍മാനായ ജയഘോഷിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് സംസ്ഥാന സര്‍ക്കാര്‍. കഴിഞ്ഞ ദിവസം ഇയാള്‍ ആത്മഹത്യാ ശ്രമം നടത്തിയത് വലിയ വിവാദമായിരുന്നു. ഇയാള്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിനും സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. തിരുവനന്തപുരം സിറ്റി കണ്‍ട്രോള്‍ റൂം ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. തന്നെ വധിക്കാന്‍ ശ്രമിച്ചെന്ന് ജയഘോഷിന്റെ മൊഴി വസ്തുതകള്‍ക്ക് നിരക്കാത്തതെന്ന് കേരള പോലീസ് വ്യക്തമാക്കി.

യുഎഇ കോണ്‍സുലേറ്റ് ജനറല്‍ വിദേശത്തേക്ക് പോയിട്ടും അക്കാര്യം തന്റെ മേല്‍ ഉദ്യോഗസ്ഥരെ അറിയിക്കാത്തതും, സര്‍വീസ് റിവോള്‍വര്‍ സറണ്ടര്‍ ചെയ്ത് നല്‍കാത്തതും സര്‍വീസ് ചട്ടങ്ങളുടെ ലംഘനത്തില്‍ ഉള്‍പ്പെടുന്നുണ്ട്. അതേസമയം ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ജയഘോഷ് ഇന്ന് ആശുപത്രി വിട്ടു. ഇതിനിടെ സ്വര്‍ണക്കടത്ത് ഇടപാടുകളുടെ മുഖ്യസൂത്രധാരന്‍ റമീസ് എന്നാണ് സ്വപ്ന സുരേഷ് വെളിപ്പെടുത്തി. സ്വപ്നയുടെയും സന്ദീപിന്റെയും റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

അതേസമയം സ്വപ്നാ സുരേഷിന് വന്‍ സമ്പാദ്യം ഉണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. സ്വര്‍ണവും പണവും ബാങ്കില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. റമീസാണ് സ്വര്‍ണം എത്തിക്കുന്നതിന്റെ മുഖ്യ സൂത്രധാരനെന്നും കസ്റ്റംസ് പറയുന്നു. ഇയാളുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചാണ് സ്വപ്നയും സന്ദീപും അടക്കമുള്ള പ്രതികള്‍ പ്രവര്‍ത്തിച്ചത്. കള്ളക്കടത്തിന് വിദേശത്ത് അടക്കം വന്‍ ശൃംഖല ഉണ്ട്. ലോക്ഡൗണ്‍ മറയാക്കി കൂടുതല്‍ സ്വര്‍ണം ഇറക്കാന്‍ റമീസ് നിര്‍ബന്ധിച്ചതായി ഇവര്‍ മൊഴി നല്‍കി.

റമീസിനെ പ്രതി ചേര്‍ക്കാന്‍ നടപടി തുടങ്ങിയിട്ടുണ്ട്. പ്രതികളുടെ ആശയവിനിമയം എല്ലാം ടെലിഗ്രാം ആപ്ലിക്കേഷന്‍ വഴിയായിരുന്നു. ഇതിലെ സന്ദേശങ്ങള്‍ പലതും ഡിലീറ്റ് ചെയ്തിരുന്നു. ഫോണുകളില്‍ നിന്ന് നീക്കം ചെയ്ത നിലയിലാണ് ഇവരുടെ ഫോണുകള്‍ കിട്ടിയത്. തിരുവനന്തപുരത്തെ സിഡാക് വഴി ഇവ വീണ്ടെടുത്തത്. സ്വപ്നയ്ക്ക് ആറ് ഫോണും രണ്ട് ലാപ്‌ടോപ്പും ആണ് ഉണ്ടായിരുന്നത്. നിക്ഷേപമെല്ലാം പണവും സ്വര്‍ണവുമായി സ്വപ്ന ബാങ്കില്‍ സൂക്ഷിക്കുന്നതിന്റെ വിവരങ്ങള്‍ കിട്ടിയിട്ടുണ്ട്. ഇവയുടെ കണക്ക് ശേഖരിക്കുന്നുണ്ടെന്ന് എന്‍ഐഎ പറഞ്ഞു.

Share this story