കഞ്ചാവുമായി കടന്ന ലോറി ചേസ് ചെയ്ത് പിടിച്ചു പോലീസ്; പിടിച്ചെടുത്തത് 108 കിലോ കഞ്ചാവ്

കഞ്ചാവുമായി കടന്ന ലോറി ചേസ് ചെയ്ത് പിടിച്ചു പോലീസ്; പിടിച്ചെടുത്തത് 108 കിലോ കഞ്ചാവ്

കാസർഗോഡ്; പഴവണ്ടയിൽ കടത്തിയ 108 കിലോ കഞ്ചാവ് പിടികൂടി. മഞ്ചേശ്വരം കുഞ്ചത്തൂരിൽ വെച്ചാണ് ലോറിയിൽ കടത്തിയ കഞ്ചാവുകൾ പോലീസ് പിടികൂടിയത്. ദേശീയ പാതയിൽ പരിശോധന നടത്തവേ ലോറി നിർത്താതെ പോകുകയായിരുന്നു. തുടർന്ന് പിന്തുടർന്ന് പോലീസ് വാഹനം പിടികൂടുകയായിരുന്നു. ലോറിയിൽ ഉണ്ടായിരുന്ന രണ്ട് പേരും ഓടി രക്ഷപ്പെട്ടു.

ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. പഴങ്ങൾ നിറച്ചിരുന്ന ലോറിയിലായിരുന്നു കഞ്ചാവ് കടത്തിയത്. പരിശോധനയ്ക്കിടെ ലോറിക്ക് പോലീസ് കൈ കാണിച്ചെങ്കിലും നിർത്താതെ പോകുകയായിരുന്നു. തുടർന്ന് എട്ട് കിലോമീറ്ററോളം ലോറി പോലീസ് പിന്തുണടർന്നു. തുടർന്ന് മഞ്ചേശ്വരം യത്തീംഖാന റോഡിലേക്ക് ഓടിച്ചുകയറ്റിയ വാന്‍ റോഡ് പണി നടക്കുന്നതിനാൽ മുന്നോട്ട് എടുക്കാൻ കഴിയാതെ വന്നു. നിവൃത്തിയില്ലെന്ന് കണ്ടതോടെ വാഹനത്തിൽ ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെടുകയായിരുന്നു.

കഞ്ചാവ് 2 കിലോ വീതമുള്ള 54 കെട്ടുകളാക്കി ഒളിപ്പിച്ച നിലയിലായിരുന്നു. പിടികൂടിയ കഞ്ചാവിന് 20 ലക്ഷത്തോളം രൂപ വില വരും. കർണാടക രജിസ്ട്രേഷനുള്ളതാണ് ലോറി. വാനിന്‍റെ നമ്പര്‍ വ്യാജമാണെന്ന് പോലീസ് പറഞ്ഞു.വാഹനത്തിന്റെ ആര്‍സി ഉടമ കര്‍ണാടകയിലെ ചിക്മംഗളൂര്‍ സ്വദേശിയാണ്. ഇയാളെ പോലീസ് ബന്ധപ്പെട്ടെങ്കിലും വാഹനം മുൻപേ വിൽപന നടത്തിയതാണെന്ന് അറിയിച്ചു. മഞ്ചേശ്വരം സിഐ അനുപ് അഡീഷനൽ എസ്ഐ ബാലചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടികൂടിയത്.

Share this story