കീം പരീക്ഷ സമയത്ത് കൂട്ടം കൂടിയ സംഭവം: തിരുവനന്തപുരത്ത് 600 ഓളം രക്ഷിതാക്കൾക്കെതിരെ കേസെടുത്തു

കീം പരീക്ഷ സമയത്ത് കൂട്ടം കൂടിയ സംഭവം: തിരുവനന്തപുരത്ത് 600 ഓളം രക്ഷിതാക്കൾക്കെതിരെ കേസെടുത്തു

തിരുവനന്തപുരം: കീം പരീക്ഷ നടക്കുമ്പോൾ സാമൂഹിക അകലം പാലിക്കാതെ കൂട്ടം കൂടിയ രക്ഷിതാക്കൾക്കെതിരെ കേസെടുത്തു. തിരുവനന്തപുരം നഗരത്തിൽ 600 ഓളം രക്ഷിതാക്കൾക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കൊറോണ വൈറസ് വ്യാപനത്തിനിടെ വിദ്യാർത്ഥികൾ പരീക്ഷയെഴുതുമ്പോൾ രക്ഷിതാക്കൾ കൂട്ടം കൂടി നിന്ന ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് നടപടി സ്വീകരിക്കുന്നത്. പരീക്ഷ നടന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ സാമൂഹിക അകലം പാലിക്കാതെ കൂട്ടം കൂടി നിന്ന രക്ഷിതാക്കൾക്കെതിരെ കേസെടുക്കാൻ ഡിജിപി ലോക്നാഥ് ബെഹറ നിർദേശം നൽകിയിരുന്നു. ഇതോടെയാണ് പോലീസ് കേസ് എടുക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങുന്നത്.

തിരുവനന്തപുരത്ത് കീം പരീക്ഷ നടന്ന കോട്ടൺ ഹിൽ സ്കൂളിൽ 300 ലധികം പേരും സെന്റ് മേരീസ് സ്കൂളിലും ഇത്തരത്തിൽ രക്ഷിതാക്കൾ കൂട്ടം കൂടി നിന്നിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇതോടെയാണ് കണ്ടാലറിയാവുന്ന 600 ഓളം പേർക്കെതിരെ ജില്ലയിലെ രണ്ട് പോലീസ് സ്റ്റേഷനുകളിലായി കേസെടുത്തിട്ടുള്ളത്. കൊറോണ വൈറസ് വ്യാപന ഭീഷണി രൂക്ഷമായിരിക്കെ സാമൂഹിക അകലം പാലിക്കാതെ കൂട്ടംകൂടിയെന്നാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ള വകുപ്പ്. കേരളത്തിൽ പരീക്ഷയെഴുതിയ അഞ്ച് വിദ്യാർത്ഥികൾക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ നാലുപേരും തിരുവനന്തപുരം ജില്ലയിൽ പരീക്ഷയ്ക്കിരുന്നവരാണ്. കോഴിക്കോട് പരീക്ഷയെഴുതിയ ഒരു വിദ്യാർത്ഥിക്കും രോഗം സ്ഥിരീകരിച്ചിരുന്നു.

തിരുവനന്തപുരം ജില്ലയിൽ കീം പരീക്ഷയെഴുതിയ ഒരു വിദ്യാർത്ഥിക്ക് കൂടി ബുധനാഴ്ച രോഗം സ്ഥിരീകരിച്ചിരുന്നു. വലിയതുറ സെന്റ് ആന്റണീസ് സ്കൂളിൽ പരീക്ഷയെഴുതിയ 17 കാരനാണ് ഏറ്റവും ഒടുവിൽ കൊവിഡ് സ്ഥിരീകരിച്ചത്. പൂന്തുറ സ്വദേശിയായ കുട്ടിയുടെ അമ്മയ്ക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് മകനെയും പരിശോധനയ്ക്ക് വിധേയമാക്കുന്നത്. കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുന്ന വലിയതുറയിൽ സമ്പർക്കം വഴി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ കുത്തനെയുള്ള വർധനവാണ് രേഖപ്പെടുത്തുന്നത്. ഈ സാഹചര്യത്തിൽ പൂർണ്ണമായ സുരക്ഷാ ക്രമീകരണങ്ങളോടെയായിരുന്നു പരീക്ഷാ നടത്തിപ്പ്.

17 ന് കാരന് രോഗം സ്ഥിരീകരിച്ചതോടെ വിദ്യാർത്ഥി പരീക്ഷയ്ക്കിരുന്ന സെന്റ് ആന്റണീസ് സ്കൂളിൽ പരീക്ഷയെഴുതിയ വിദ്യാർത്ഥികളും ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകരും നിരീക്ഷണത്തിൽ പോകേണ്ടതായി വരും. കുട്ടി കൂടുതൽ പേരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടുള്ളതിനാൽ സമ്പർക്കപ്പട്ടിക വിപുലമാകാനുള്ള സാധ്യതയും ആരോഗ്യവകുപ്പ് അധികൃതർ ചൂണ്ടിക്കാണിക്കുന്നു.

Share this story