ലോക്കറിൽ നിന്ന് കണ്ടെത്തിയ ഒരു കോടി രൂപ ഡീലിന് ലഭിച്ച പ്രതിഫലമെന്ന് സ്വപ്‌ന; സ്വർണക്കടത്തിൽ കോൺസുലേറ്റിനും പങ്ക്

ലോക്കറിൽ നിന്ന് കണ്ടെത്തിയ ഒരു കോടി രൂപ ഡീലിന് ലഭിച്ച പ്രതിഫലമെന്ന് സ്വപ്‌ന; സ്വർണക്കടത്തിൽ കോൺസുലേറ്റിനും പങ്ക്

ലോക്കറിൽ നിന്നും കണ്ടെത്തിയ ഒരു കോടി രൂപ ഡീലിന് ലഭിച്ച പ്രതിഫലമാണെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് മൊഴി നൽകി. കള്ളക്കടത്തിനൊപ്പം വൻകിട റിയൽ എസ്റ്റേറ്റ് ബിസിനസ് സംരഭങ്ങളിലും ഇവർ ഇടനിലക്കാരിയാണെന്നാണ് തെളിയുന്നത്. തിരുവനന്തപുരത്തെ രണ്ട് ബാങ്ക് ലോക്കറിൽ നിന്നായി 1.05 കോടി രൂപയും ഒരു കിലോ സ്വർണവുമാണ് കണ്ടെത്തിയത്.

സ്വർണം വിവാഹ സമ്മാനമായി ലഭിച്ചതെന്നാണ് ഇവർ പറയുന്നത്. അഞ്ച് കിലോ സ്വർണമുണ്ടായിരുന്നു. വീടിന്റെ നിർമാണത്തിനായി ബാക്കി സ്വർണം വിറ്റതായും സ്വപ്‌ന കസ്റ്റംസിന് മൊഴി നൽകി. എന്നാൽ മൊഴി കസ്റ്റംസ് വിശ്വാസത്തിലെടുത്തിട്ടില്ല.

വിമാനത്താവളം വഴി നയതന്ത്ര ബാഗിൽ സ്വർണം കടത്താമെന്ന പദ്ധതി തയ്യാറാക്കിയത് കെ ടി റമീസാണ്. റമീസും സന്ദീപുമാണ് സ്വർണക്കടത്തിന്റെ ആസൂത്രകർ. തന്നെയും സരിത്തിനെയും ഇവരാണ് റാക്കറ്റിലേക്ക് എത്തിച്ചതെന്നും സ്വപ്‌ന പറയുന്നു

സ്വർണക്കടത്തിൽ യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥർക്കും പങ്കുണ്ട്. സ്വർണം കടത്തിയത് കോൺസുലേറ്റ് ജനറലിന്റെയും അറ്റാഷെയുടെയും സഹായത്തോടെയാണ്. മുൻ ഐടി സെക്രട്ടറി ശിവശങ്കറിന് ഇതിൽ പങ്കില്ല. ശിവശങ്കറുമായി സൗഹൃദം മാത്രമാണുള്ളത്. കോൺസുൽ ജനറലിന്റെ സഹായത്തോടെയാണ് കള്ളക്കടത്ത് ആരംഭിച്ചത്. കൊവിഡ് വന്നതോടെ ജനറൽ നാട്ടിലേക്ക് മടങ്ങി. പിന്നീട് അറ്റാഷെയെ പങ്കാളിയാക്കി. ഓരോ കടത്തിനും കോൺസുൽ ജനറലിനും അറ്റാഷെക്കും 1500 ഡോളർ പ്രതിഫലം നൽകി. 2019 ജൂലൈ മുതൽ 2020 ജൂൺ 30 വരെ 18 തവണ സ്വർണം കടത്തിയെന്നും സ്വപ്ന മൊഴി നൽകി

 

Share this story