കേരളത്തില്‍ ചിലയിടങ്ങളില്‍ ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കേരളത്തില്‍ ചിലയിടങ്ങളില്‍ ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ചില ജില്ലകളില്‍ മഴ കനക്കാന്‍ സാധ്യത. ഇവിടങ്ങളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റടിക്കാനും സാധ്യതയുണ്ട്. തിരമാലകള്‍ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ കടലില്‍ പോകുന്നവരും തീരങ്ങളില്‍ താമസിക്കുന്നവരും പ്രത്യേകം ശ്രദ്ധിക്കണം.
2020 ജൂലൈ 26 : കാസറഗോഡ്.
2020 ജൂലൈ 28 : ആലപ്പുഴ, എറണാകുളം.
2020 ജൂലൈ 29 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി.
2020 ജൂലൈ 30 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ.

എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മി.മീ മുതല്‍ 115.5 മി.മീ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മഞ്ഞ അലേര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്നത് പൊതുജനങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ശ്രദ്ധയോടെ സ്ഥിതിഗതികള്‍ വീക്ഷിക്കുക എന്നതാണ്. ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ വസിക്കുന്നവര്‍, നദിക്കരകളില്‍ താമസിക്കുന്നവര്‍ തുടങ്ങിയവര്‍ പ്രത്യേക ജാഗ്രത പാലിക്കണം.

ശക്തമായ കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം. കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്.

നാളെ രാത്രി 11.30 വരെയുള്ള സമയത്ത് പൊഴിയൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള കേരള തീരത്ത് 2.5 മുതല്‍ 2.9 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന കേന്ദ്രം അറിയിച്ചു. തീരദേശവാസികള്‍ ജാഗ്രത പാലിക്കണം. തീരമേഖലയിലെ കടല്‍ പ്രക്ഷുബ്ധമായിരിക്കാനും വേലിയേറ്റ സമയങ്ങളില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാനുമുള്ള സാധ്യതയുണ്ട്. കടലാക്രമണ ഭീഷണി രൂക്ഷമായ തീരമേഖലകളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറി താമസിക്കേണ്ടതാണ്. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് കൊണ്ടായിരിക്കണം ക്യാമ്പുകളില്‍ താമസിക്കേണ്ടത്. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

Share this story