കെ ഫോൺ കരാറിൽ 500 കോടിയുടെ അഴിമതിയെന്ന് കെ സുരേന്ദ്രൻ

കെ ഫോൺ കരാറിൽ 500 കോടിയുടെ അഴിമതിയെന്ന് കെ സുരേന്ദ്രൻ

കെ ഫോൺ കരാറിൽ വൻ അഴിമതിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ ആരോപണം. 500 കോടിയുടെ അഴിമതിയാണ് സർക്കാർ ലക്ഷ്യം വെക്കുന്നതെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു. നാല് വർഷത്തിനിടെ സിപിഎം നേതൃത്വത്തിൽ സർക്കാർ നിരവധി അഴിമതികൾ നടത്തിയതായും സുരേന്ദ്രൻ  ആരോപിച്ചു

നിർദിഷ്ട തുകയേക്കാൾ 50 ശതമാനം കൂട്ടി നിശ്ചയിച്ചാണ് കെ ഫോൺ കരാർ കമ്പനിക്ക് നൽകിയത്. അഴിമതികളിലൂടെ ലഭിക്കുന്ന വിഹിതം സിപിഎമ്മിനാണ് പോകുന്നതെന്നും സുരേന്ദ്രൻ ആരോപിക്കുന്നു. കെ ഫോൺ ഇടപാടന്റെ ഒന്നാമത്തെ ഗുണഭോക്താവ് സിപിഎമ്മുമായി ബന്ധപ്പെട്ട് നിൽക്കുന്ന സഹകരണസ്ഥാപനമാണ്.

വാഗ്ഭടാനന്ത ഗുരുദേവന്റെ പേരിൽ സ്ഥാപിക്കപ്പെട്ട ഊരാളുങ്കൽ ലേബർ സർവീസ് സൊസൈറ്റിയാണ് ഇതിന്റെ യഥാർഥ ഗുണഭോക്താക്കൾ. നോട്ടുനിരോധനം വന്നപ്പോഴും അതിന് ശേഷവും എല്ലാം സിപിഎം നടത്തുന്ന അഴിമതകളുടെ പണം സൂക്ഷിച്ച് വെക്കുന്നതും വിനിമയം നടത്തുന്നതുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങൾ ഉയർന്നിട്ടുണ്ടെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.

കെ ഫോൺ ഇടപാടിൽ ശക്തമായ സാന്നിധ്യം ഊരാളുങ്കൽ സർവീസ് സൊസൈറ്റിക്കുണ്ട്. ശിവശങ്കറും സ്വപ്‌നയും നടത്തുന്ന എല്ലാ അഴിമതികളുടെയും പണം എങ്ങോട്ടാണ് പോകുന്നതെന്ന് അന്വേഷിക്കുമ്പോഴാണ് ഇത്തരം ഇടപാടുകളിൽ സിപിഎം നേതാക്കൾക്കുള്ള പങ്ക് വ്യക്തമാകുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു

 

Share this story