എം ശിവശങ്കര്‍ തിങ്കളാഴ്ച നൽകിയ മൊഴിയിലും പൊരുത്തക്കേടെന്ന് റിപ്പോര്‍ട്ട്

എം ശിവശങ്കര്‍ തിങ്കളാഴ്ച നൽകിയ മൊഴിയിലും പൊരുത്തക്കേടെന്ന് റിപ്പോര്‍ട്ട്

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ തിങ്കളാഴ്ച എന്‍ ഐ എ നടത്തിയ ചോദ്യം ചെയ്യലില്‍ നല്‍കിയ മറുപടിയിലും പൊരുത്തക്കേടെന്ന് റിപ്പോര്‍ട്ട്. അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും പല ചോദ്യങ്ങള്‍ക്കും ശിവശങ്കര്‍ നിഷേധാത്മക മറുപടികളാണ് നല്‍കുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അഭിഭാഷകന്റെ നിര്‍ദേശ പ്രകാരമുള്ള മറുപടികളാണ് ശിവശങ്കര്‍ നല്കുന്നത്. പ്രതികളുമായുള്ള ബന്ധം നിഷേധിക്കാന്‍ ശിവശങ്കറിന് സാധിച്ചിട്ടില്ലെന്നും ഡി ഐ ജി എന്‍ ഐ എ മേധാവിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്കാര്‍ക്കും സഹായങ്ങള്‍ നൽകിയിട്ടില്ലെന്ന മൊഴിയില്‍ ശിവശങ്കര്‍ ഉറച്ചു നില്‍ക്കുകയാണെന്നാണ് സൂചന. സ്വപ്നക്ക് ഐ ടി വിഭാഗത്തില്‍ ജോലി നല്‍കിയത് കോണ്‍സുലേറ്റ് ഉന്നതരുടെ നിര്‍ദേശത്തിലാണെന്നും ഭരണപക്ഷത്തെ ആരും ശുപാര്‍ശ ചെയ്തിരുന്നില്ലെന്നുമാണ് ലഭിക്കുന്ന വിവരം.

ഫൈസല്‍ ഫരീദ്, കെ ടി റമീസ് എന്നിവരുമായി യാതൊരു ബന്ധവുമില്ലെന്നും അവരുമായി സംസാരിച്ചിട്ടില്ലെന്നും വിവരം നല്കിയ ശിവശങ്കര്‍ ഐ ടി വകുപ്പുമായി ബന്ധപ്പെട്ട പരിപാടിക്കാണ് വിദേശ യാത്ര നടത്തിയതെന്നം മൊഴി നൽകിയിട്ടുണ്ടെന്നാണ് സൂചന.

ചൊവ്വാഴ്ച വീണ്ടും ചോദ്യം ചെയ്യുമ്പോള്‍ നേരത്തെ നല്‍കിയ മൊഴികളും തിങ്കളാഴ്ച നൽകിയ മൊഴിയും പരിശോധിച്ച് പൊരുത്തക്കേടുകളില്‍ വ്യക്തത വരുത്തിയേക്കും.

Share this story