ചോദ്യം ചെയ്തത് പത്തര മണിക്കൂര്‍; ശിവശങ്കറിനെ എന്‍ഐഎ വിട്ടയച്ചു; ശിവശങ്കര്‍ തിരുവനന്തപുരത്തേക്ക് മടങ്ങി

ചോദ്യം ചെയ്തത് പത്തര മണിക്കൂര്‍; ശിവശങ്കറിനെ എന്‍ഐഎ വിട്ടയച്ചു; ശിവശങ്കര്‍ തിരുവനന്തപുരത്തേക്ക് മടങ്ങി

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ചോദ്യംചെയ്യലിനു ശേഷം എന്‍ഐഎ വിട്ടയച്ചു. പത്തര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് വിട്ടയച്ചത്. സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങളടക്കം കിട്ടിയ ശേഷം ശിവശങ്കറിനെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്‌തേക്കും.

ചോദ്യംചെയ്യലിന് ശേഷം കൊച്ചി എന്‍ഐഎ ഓഫീസില്‍ നിന്ന് ശിവശങ്കര്‍ തിരുവനന്തപുരത്തേക്ക് മടങ്ങി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നത്. ചോദ്യംചെയ്യലിന് വിധേയനാകാന്‍ രാവിലെ പത്ത് മണിക്കാണ് ശിവശങ്കര്‍ കൊച്ചി ഓഫീസിലെത്തിയത്. രാത്രി 8.30 വരെ വരെ ചോദ്യംചെയ്യല്‍ നീണ്ടു.

തിങ്കളാഴ്ച ഒന്‍‍പത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ശിവശങ്കറിനോട് കൊച്ചിയില്‍ തുടരാന്‍ അന്വേഷണസംഘം നിര്‍ദേശിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ 10 മണിക്കാരംഭിച്ച ചോദ്യം ചെയ്യൽ രാത്രി 7 വരെ നീണ്ടിരുന്നു.

സ്വര്‍ണക്കടത്ത് കേസിൽ അറസ്റ്റിലായ പ്രതികളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന എം ശിവശങ്കറിനെ ആദ്യം കസ്റ്റംസും പിന്നീട് എൻഐഎയും തിരുവനന്തപുരത്ത് ചോദ്യം ചെയ്തിരുന്നു. അതിന് ശേഷം കൊച്ചിയിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് എൻഐഎ ആവശ്യപ്പെടുകയായിരുന്നു.

തിങ്കളാഴ്ച നടത്തിയ ചോദ്യം ചെയ്യലില്‍ ശിവശങ്കറിന് പല ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി നല്‍കാന്‍ കഴിഞ്ഞിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ശിവശങ്കറില്‍നിന്നു ലഭിച്ച മൊഴികളും സ്വപ്നയടക്കമുള്ള മറ്റു പ്രതികളുടെ മൊഴികളും തമ്മില്‍ വീണ്ടും ഒത്തുനോക്കി വ്യക്തതവരുത്തിയ ശേഷമാണ് ചൊവ്വാഴ്ചയും ചോദ്യംചെയ്തതത്.

എന്നാൽ പ്രതികളുടെ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ശിവശങ്കറിനു പങ്കാളിത്തമുള്ളതിന്റെ തെളിവുകൾ എൻഐഎക്കു ലഭിച്ചിട്ടില്ല. ശിവശങ്കറിന്‍റെ കാര്യത്തില്‍ ഇന്ന് അന്വേഷണസംഘം സ്വീകരിക്കുന്ന നടപടികള്‍ ഏറെ നിര്‍ണായകമാണ്.

Share this story