മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ആരും വിളിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ കസ്റ്റംസ് ഉദ്യോഗസ്ഥനെ നാഗ്പൂരിലേക്ക് സ്ഥലം മാറ്റി

മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ആരും വിളിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ കസ്റ്റംസ് ഉദ്യോഗസ്ഥനെ നാഗ്പൂരിലേക്ക് സ്ഥലം മാറ്റി

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ആരും വിളിച്ചിട്ടില്ലെന്ന സത്യം വ്യക്തമാക്കിയ കസ്റ്റംസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. ജോയിന്റ് കമ്മീഷണർ അനീഷ് ബി രാജിനെ നാഗ്പൂരിലേക്കാണ് സ്ഥലം മാറ്റിയത്. ഉദ്യോഗസ്ഥൻ ഇക്കാര്യം വ്യക്തമാക്കിയതിനെതിരെ ബിജെപി സംസ്ഥാന നേതൃത്വം രംഗത്തുവന്നിരുന്നു

അന്വേഷണ ചുമതലയിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെയാണ് അനീഷ് ബി രാജിനെ നാഗ്പൂരിലേക്ക് സ്ഥലം മാറ്റിയത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ആരും കസ്റ്റംസിലേക്ക് വിളിച്ചിട്ടില്ലെന്ന് മാധ്യമങ്ങളോട് അനീഷ് പറഞ്ഞിരുന്നു. ഇതാണ് ഇപ്പോഴത്തെ നടപടിക്ക് കാരണം.

അന്വേഷണം ആരംഭിച്ചപ്പോൾ തന്നെ കെ സുരേന്ദ്രനാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് കസ്റ്റംസിലേക്ക് വിളിച്ചുവന്ന ആരോപണം നടത്തിയത്. അന്വേഷണ ഉദ്യോഗസ്ഥർക്ക് പോലും ലഭിക്കാത്ത വിവരം സുരേന്ദ്രന് എങ്ങനെ ലഭിച്ചുവെന്ന ചോദ്യം അന്ന് തന്നെ ഉയർന്നിരുന്നു. അന്വേഷണം വഴിതിരിച്ചു വിടാനുള്ള ബിജെപിയുടെ ശ്രമമാണ് ഇതെന്നും ആരോപണം ഉയർന്നിരുന്നു. പിന്നാലെയാണ് സത്യം വ്യക്തമാക്കി അനീഷ് ബി രാജ് പ്രതികരിച്ചത്

എന്നാൽ അനീഷ് ഇടതുപശ്ചാത്തലമുള്ള കുടുംബത്തിൽ നിന്നാണ് വരുന്നതെന്നായിരുന്നു ബിജെപിയുടെ ആരോപണം. പിന്നാലെ അന്വേഷണ ചുമതലയിൽ നിന്ന് ഒഴിവാക്കപ്പെട്ടു. ഇന്നലെ വൈകുന്നേരമാണ് നാഗ്പൂരിലേക്ക് അടിയന്തരമായി സ്ഥലം മാറ്റിയത്.

 

Share this story