സ്വർണക്കടത്ത് കേസ്: ബിജെപിക്ക് താത്പര്യമുള്ള ജ്വല്ലറി ഗ്രൂപ്പിന് വേണ്ടി അന്വേഷണം അട്ടിമറിക്കുന്നുവോയെന്ന് ഹരീഷ് വാസുദേവൻ

സ്വർണക്കടത്ത് കേസ്: ബിജെപിക്ക് താത്പര്യമുള്ള ജ്വല്ലറി ഗ്രൂപ്പിന് വേണ്ടി അന്വേഷണം അട്ടിമറിക്കുന്നുവോയെന്ന് ഹരീഷ് വാസുദേവൻ

സ്വർണക്കടത്ത് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതിൽ ബിജെപിക്ക് പങ്കുണ്ടോയെന്ന് അഡ്വ. ഹരീഷ് വാസുദേവൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം. ബിജെപിക്ക് താത്പര്യമുള്ള ജ്വല്ലറി ഗ്രൂപ്പിന് വേണ്ടി കസ്റ്റംസ് കേസ് അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നുവെന്ന തോന്നൽ സമൂഹത്തിൽ ശക്തമാണെന്നും ഹരീഷ് വാസുദേവൻ പറഞ്ഞു

കുറിപ്പിന്റെ പൂർണരൂപം

സ്വർണ്ണ കള്ളക്കടത്ത് കേസ് അന്വേഷിക്കുന്നത് കസ്റ്റംസ്. കേസന്വേഷത്തെ വഴി തിരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് സ്വാധീനം ഉണ്ടായി എന്ന ആരോപണം വരുന്നു. “എന്നെ ആരും വിളിച്ചിട്ടില്ല” എന്ന് ജോയന്റ് കമ്മീഷണർ അനീഷ് രാജൻ പറയുന്നു. അനീഷ് രാജനെതിരെ BJP പ്രസിഡണ്ട് സുരേന്ദ്രൻ പരസ്യ പ്രസ്താവനയുമായി വരുന്നു.

കസ്റ്റംസിന്റെ അന്വേഷണം പുരോഗമിക്കവേ പ്രിവന്റീവ് കമ്മീഷണർ സുമിത്ത്കുമാർ അറിയാതെ, അറിഞ്ഞെന്ന് വ്യാജമായി പറഞ്ഞു കസ്റ്റംസ് കമ്മീഷണർ പ്രധാന ഉദ്യോഗസ്ഥരെ ട്രാൻസ്ഫർ ചെയ്യുന്നു. കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നു.
സുമിത്ത്കുമാർ തന്റെ അതൃപ്തി കേന്ദ്രത്തെ അറിയിക്കുന്നു. ഉത്തരവ് തൽക്കാലം മരവിപ്പിക്കുന്നു.

ജോയിന്റ് കമ്മീഷണർ അനീഷ് രാജൻ കസ്റ്റംസിലെ സത്യസന്ധരായ ഉദ്യോഗസ്ഥരിൽ ഒരാളാണ്. CPIM അനുഭാവിയുമാണ്. ഏത് ഉദ്യോഗസ്ഥർക്കാണ് രാഷ്ട്രീയ അനുഭാവം ഇല്ലാത്തത്? അത് പാടില്ലെന്ന് എവിടെയാണ് പറയുന്നത്? തന്റെ ഏതെങ്കിലും കേസിൽ അനീഷ് സത്യസന്ധമല്ലാതെ അന്വേഷിച്ചതായി ഒരു പരാതി എങ്കിലും നാളിതുവരെ ഉണ്ടായിട്ടുണ്ടോ? പിന്നെങ്ങനെ ഇതൊരു കാരണമാകും?

മുൻപ് കേരളത്തിൽ നടന്ന മിക്ക സ്വർണ്ണ കള്ളക്കടത്തും കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഒത്താശയോട് കൂടിയാണെന്ന് തെളിയിച്ചതും അതൊക്കെ പിടിച്ചതും ശിക്ഷിച്ചതും നിരന്തരമായി സ്വർണ്ണവേട്ട തുടങ്ങിയതും സുമിത്ത്കുമാർ-അനീഷ് ടീം വന്നശേഷമാണ്.

NIA കൂടി മറ്റു വിശദാംശങ്ങൾ അന്വേഷിക്കുന്നതിനാൽ കസ്റ്റംസിലെ ഏതെങ്കിലും ഉദ്യോഗസ്ഥൻ വിചാരിച്ചാൽ ആരെയെങ്കിലും സഹായിക്കാൻ പറ്റുമെന്നത് വെറും തെറ്റിദ്ധാരണ ആണ്. പക്ഷെ അന്വേഷണ ഉദ്യോഗസ്ഥനെ പാതിവഴിയിൽ മാറ്റിയാൽ അത് കേസ് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചേക്കാം.

BJP ക്ക് താൽപ്പര്യമുള്ള ഒരു ജ്വല്ലറി ഗ്രൂപ്പിന് വേണ്ടി കസ്റ്റംസ് കേസ് അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം ഉണ്ടെന്ന തോന്നൽ സമൂഹത്തിൽ ശക്തമാണ്. മറിച്ചാണെന്ന് കസ്റ്റംസ് തെളിയിക്കട്ടെ.

സ്വർണ്ണ കള്ളക്കടത്ത് കേസ് അന്വേഷിക്കുന്നത് കസ്റ്റംസ്. കേസന്വേഷത്തെ വഴി തിരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് സ്വാധീനം…

Posted by Harish Vasudevan Sreedevi on Thursday, July 30, 2020

 

Share this story