കെഎസ്ഇബി വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടോ?; വിശദീകരണവുമായി കെഎസ്ഇബി

കെഎസ്ഇബി വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടോ?; വിശദീകരണവുമായി കെഎസ്ഇബി

കൊച്ചി: കെഎസ്ഇബി വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് അഞ്ച് കോടി വിലവരുന്ന വിവരങ്ങള്‍ ചോര്‍ത്തിയെന്ന റിപ്പോര്‍ട്ടില്‍ വിശദീകരണവുമായി കെഎസ്ഇബി ഐടി വിഭാഗം തന്നെ രംഗത്തെത്തിയിരിക്കുകയാണ്. കെഎസ്ഇബി വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് വിവരങ്ങള്‍ ഫേസ്ബുക്ക് വഴി പങ്കുവെച്ചതോടെയാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്ത വിവരം പുറത്തറിയുന്നത്. ശനിയാഴ്ച രാവിലെ ആറ് മണിയോടെയാണ് ഹാക്കര്‍മാര്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ഉള്‍പ്പെട്ട വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്, സംഭവത്തില്‍ കെഎസ്ഇബിയുടെ വിശദീകരണം ഇപ്രകാരമാണ്.

കെ എസ് ഇ ബി വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടോ?കെ എസ് ഇ ബി വെബ്‌സൈറ്റ് ഹാക്ക് ചെയ്തുവെന്നും ഉപഭോക്താക്കളുടെ വിവരങ്ങള്‍ കരസ്ഥമാക്കിയെന്നും അവകാശപ്പെട്ട് ഇക്കഴിഞ്ഞ ദിവസം കെ ഹാക്കേഴ്‌സ് എന്ന ഫെയ്‌സ്ബുക്ക് പേജ് രംഗത്ത് വന്നിരുന്നു. ചില മാധ്യമങ്ങള്‍ ഇത് വാര്‍ത്തയുമാക്കി. ഇക്കാര്യത്തില്‍ കെ എസ് ഇ ബിയുടെ ഐടി വിഭാഗം വിശദമായ പരിശോധന നടത്തി.

കെഎസ്ഇബിയുടെ Quick Pay എന്ന സംവിധാനം വഴി ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്ന വിവരങ്ങള്‍ ദുരുപയോഗം ചെയ്ത് കിട്ടിയ വിവരങ്ങള്‍ മാത്രമാണ് ഹാക്ക് ചെയ്തു എന്നവകാശപ്പെടുന്നവര്‍ക്ക് ലഭ്യമായത്.കണ്‍സ്യൂമര്‍ നമ്പരോ, ഫോണ്‍ നമ്പരോ നല്‍കി ഏറ്റവും ഒടുവിലെ ബില്‍ കാണാനും, ബില്‍ തുക അറിയാനും സഹായിക്കുന്ന ലിങ്കുകളാണ് ഇവ.

മുന്‍ പെയ്‌മെന്റ് സംബന്ധിച്ച വിവരങ്ങളോ, ബാങ്ക് / കാര്‍ഡ് എന്നിവ സംബന്ധിച്ച വിവരങ്ങളോ, മറ്റ് വ്യക്തിപരമായ ഏതെങ്കിലും വിവരമോ ഒന്നും ഈ ലിങ്കുകള്‍ വഴി ലഭ്യമാകില്ല, ലഭ്യമായിട്ടില്ല എന്നതാണ് വസ്തുത.ഹാക്കര്‍മാര്‍ എന്നവകാശപ്പെടുന്നവര്‍ക്ക് കിട്ടിയത് നിലവില്‍ പബ്ലിക് ഡൊമൈനിലുള്ള വിവരങ്ങള്‍ മാത്രമാണെന്ന് സാരം.

എന്നാലും, വിശദമായ പരിശോധനയുടെ ഭാഗമായി ഈ ലിങ്കുകള്‍ തല്‍ക്കാലം ലഭ്യമല്ലാതാക്കിയിട്ടുണ്ട്. എത്രയും വേഗം കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ ഉള്‍ച്ചേര്‍ത്ത് ഇവ ലഭ്യമാക്കുന്നതാണ്.കെ എസ് ഇ ബി ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളുള്‍പ്പെടെ എല്ലാ വ്യക്തിഗത വിവരങ്ങളും ഏറ്റവും ആധുനികമായ ഡേറ്റ സുരക്ഷാ സംവിധാനങ്ങള്‍ കൊണ്ട് സുരക്ഷിതമാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഒരു ആശങ്കയും വേണ്ടതില്ല.

ഉപഭോക്താക്കള്‍ക്ക് കെ.എസ്.ഇ.ബി- യുടെ ഓണ്‍ലൈന്‍ പോര്‍ട്ടലായ           http://wss.kseb.inവഴി ലോഗിന്‍ ചെയ്ത് സുരക്ഷിതമായി ഓണ്‍ലൈന്‍ പെയ്‌മെന്റുകള്‍ നടത്താവുന്നതാണെന്നും കെഎസ്ഇബി പറയുന്നു. എല്ലാ ജില്ലകളിലേയും ഉപയോക്താക്കളുടെ വിവരങ്ങളും ഹാക്കര്‍മാര്‍ ചോര്‍ത്തിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

Share this story