കെ എം ബഷീർ മരിച്ചിട്ട് ഇന്ന് ഒരു വർഷം; വിചാരണക്ക് പോലും ഹാജരാകാതെ ശ്രീറാമും വഫയും

കെ എം ബഷീർ മരിച്ചിട്ട് ഇന്ന് ഒരു വർഷം; വിചാരണക്ക് പോലും ഹാജരാകാതെ ശ്രീറാമും വഫയും

മാധ്യമപ്രവർത്തകൻ കെ എം ബഷീർ വാഹനാപകടത്തിൽ മരിച്ചിട്ട് ഇന്ന് ഒരു വർഷമാകുന്നു. അതേസമയം കേസിൽ കുറ്റപത്രം സമർപ്പിച്ചിട്ട് മാസങ്ങളായിട്ടും വിചാരണ നടപടികൾ ഇതുവരെ ആരംഭിച്ചിട്ടില്ല. അമിത വേഗതയിൽ വാഹനമോടിച്ച് കെഎം ബഷീറിനെ ഇടിക്കുകയായിരുന്നുവെന്നാണ് കേസ്. ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമൻ, ഇയാളുടെ സുഹൃത്ത് വഫ ഫിറോസ് എന്നിവർക്കെതിരെയാണ് കുറ്റപത്രം

2019 ജൂലൈ 3ന് പുലർച്ചെ ഒരു മണിയോടെ തിരുവനന്തപുരം മ്യൂസിയം ജംഗ്ഷന് സമീപത്ത് വെച്ചാണ് കെ എം ബഷീർ കാറിടിച്ച് മരിക്കുന്നത്. മദ്യലഹരിയിലായിരുന്ന ശ്രീറാമാണ് കാറോടിച്ചിരുന്നത്. തുടക്കം മുതലെ ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാനുള്ള നടപടികളാണ് പോലീസിന്റെ ഭാഗത്ത് നിന്നുമുണ്ടായിരുന്നത്.

ശ്രീറാം വെങ്കിട്ടരാമന്റെ വൈദ്യപരിശോധന പോലും വൈകിയത് ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു. ഇയാളെ സ്വകാര്യ ആശുപത്രിയിലേക്കും പറഞ്ഞയച്ചു. ദിവസം പിന്നിട്ട ശേഷം നടത്തിയ പരിശോധനയിൽ മദ്യത്തിന്റെ അംശം രക്തത്തിൽ കണ്ടെത്താനും സാധിക്കാതെ വന്നു. ഒപ്പമുണ്ടായിരുന്ന വഫയാണ് കാറോടിച്ചതെന്ന് ശ്രീറാം പറഞ്ഞു. എന്നാൽ വഫ തന്നെ ഇത് തിരുത്തി.

ഐഎഎസ് ലോബിയുടെ സമ്മർദത്തിന് വഴങ്ങി ശ്രീറാമിനെ സർവീസിലേക്ക് തിരിച്ചെടുക്കുകയും ചെയ്തു. രണ്ട് തവണ കോടതി നോട്ടീസ് നൽകിയിട്ടും ശ്രീറാമോ വഫയോ വിചാരണക്കായി ഹാജരായിട്ടുമില്ല.

Share this story