തിരുവനന്തപുരം ട്രഷറി തട്ടിപ്പ് കേസില്‍ ബിജുലാലിനെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടു; അക്കൗണ്ടിലെ പണം മാറിയത് അഞ്ച് അക്കൗണ്ടിലേക്ക്: അന്വേഷണത്തിനായി പ്രത്യേക സംഘം

തിരുവനന്തപുരം ട്രഷറി തട്ടിപ്പ് കേസില്‍ ബിജുലാലിനെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടു; അക്കൗണ്ടിലെ പണം മാറിയത് അഞ്ച് അക്കൗണ്ടിലേക്ക്: അന്വേഷണത്തിനായി പ്രത്യേക സംഘം

തിരുവനന്തപുരം ട്രഷറി തട്ടിപ്പ് കേസില്‍ ബിജുലാലിനെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടു. നോട്ടീസ് പോലും നല്‍കാതെയാണ് ധനവകുപ്പ് നടപടി. നോട്ടീസ് ബിജുലാലിന് നല്‍കേണ്ടെന്നാണ് ധനവകുപ്പ് തീരുമാനം. ഗുരുതര കുറ്റകൃത്യാണ് ബിജുലാല്‍ നടത്തിയതെന്നും ധനവകുപ്പ് പറഞ്ഞു. വഞ്ചിയൂര്‍ ട്രഷറിയില്‍ കൂട്ട സ്ഥലമാറ്റത്തിനും ധനവകുപ്പ് നടപടി സ്വീകരിച്ചു. ധനകാര്യ അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ട്രഷറി ഡയറക്ടര്‍ ധനകാര്യ സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കി. പണംതട്ടാന്‍ സീനിയര്‍ അക്കൗണ്ടന്റ് ബിജുലാലിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോയെന്ന് വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ അന്വേഷണത്തിനായി പ്രത്യേക സംഘത്തെയും നിയോഗിച്ചു. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിന്റെ സഹായം തേടി. തട്ടിയെടുത്ത പണം ബിജുലാല്‍ സ്വകാര്യ ബാങ്കുകളിലെ അഞ്ച് അക്കൗണ്ടുകളിലേക്ക് കൈമാറിയെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

സബ്ട്രഷറി ഓഫിസറുടെ ലോഗിനും പാസ്‌വേഡും ഉപയോഗിച്ച് പണം തട്ടിയ സാഹചര്യത്തിലാണ് വിപുലമായ അന്വേഷണത്തിന് ട്രഷറി വകുപ്പ് തീരുമാനിച്ചത്. ബിജുലാല്‍ മുന്‍പു ജോലി ചെയ്ത ട്രഷറികളിലും തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കും. ഇതിനായി ട്രഷറിയുടെ സോഫ്റ്റ് വെയര്‍ തയാറാക്കിയ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിന്റെയും സഹായം തേടും. ട്രഷറിയിലെ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം മാനേജ്‌മെന്റ് സെല്‍ വിരമിച്ച ഉദ്യോഗസ്ഥന്റെ പാസ്‌വേഡ് റദ്ദാക്കിയിരുന്നെങ്കില്‍ ബിജുലാലിന് പണം തട്ടാന്‍ അവസരം ലഭിക്കില്ലായിരുന്നു എന്നാണ് നിഗമനം. തട്ടിയെടുത്ത രണ്ടു കോടിയില്‍ 61 ലക്ഷം രൂപ ബിജുലാല്‍ തന്റെ രണ്ട് ട്രഷറി അക്കൗണ്ടുകളില്‍ നിന്ന് അഞ്ച് ബാങ്ക് അക്കൗണ്ടുകളിലേക്കാണ് മാറ്റിയിരിക്കുന്നത്.

ഭാര്യയുടെയും സഹോദരിയുടെയും ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം മാറ്റിയത്. ബാക്കി ഒരു കോടി മുപ്പതു ലക്ഷത്തിലേറെ രൂപ ബിജുലാലിന്റെ ട്രഷറി അക്കൗണ്ടുകളില്‍ തന്നെ കണ്ടെത്തി. ഇതസമയം പണം തട്ടിപ്പില്‍ വഞ്ചിയൂര്‍ പൊലീസ് എടുത്ത കേസില്‍ ട്രഷറി ജീവനക്കാരുടെ മൊഴി ഇന്നെടുക്കും. മറ്റ് അക്കൗണ്ടുകളിലേക്കും പണം നിക്ഷേപിച്ചോ എന്നും പരിശോധിക്കും. ബിജുലാലിനും ഭാര്യ സിമിക്കും എതിരെ വഞ്ചനാകുറ്റത്തിനും രേഖകളില്‍ തിരിമറി നടത്തിയതിനുമാണ് പൊലീസ് കേസ്. ഐടി ആക്ട് പ്രകാരവും കേസെടുത്തു.

അതെ സമയം ട്രഷറി തട്ടിപ്പ് കേസില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്ന് കുറ്റാരോപിതനായ ബിജുലാലിന്റെ ഭാര്യ സിമി. കേസായ ശേഷമാണ് തന്റെ അക്കൗണ്ടിലേക്ക് പണം വന്നുവെന്നടക്കം അറിഞ്ഞത്. എത്ര രൂപ എന്റെ അക്കൗണ്ടിലേക്ക് വന്നുവെന്നും എപ്പോള്‍ അത് മാറ്റിയെന്നും ഒന്നും ഞാനറിഞ്ഞിട്ടില്ല. ബിജുവേട്ടന്‍ എന്നോട് ഇതേപ്പറ്റി പറഞ്ഞിട്ടില്ലെന്നും സിമി പറഞ്ഞു. ‘എന്തിനാണ് എന്നോടിത് ചെയ്തതെന്ന് അറിയില്ല. ഞാന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപികയാണ്, സര്‍ക്കാര്‍ ജീവനക്കാരിയാണ്. കല്യാണം കഴിഞ്ഞിട്ട് 13 വര്‍ഷമായി. ഇന്നേവരെ ബിജുവേട്ടന്റെ ഭാഗത്ത് നിന്ന് തെറ്റായിട്ടുള്ള ഒന്നും ഉണ്ടായിട്ടില്ല. സംശയിക്കേണ്ട തരത്തിലുള്ള യാതൊന്നും തോന്നിയിട്ടില്ല. രണ്ടുപേര്‍ക്കും ശമ്പളം ഉണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നില്ല. സന്തോഷത്തോടെയാണ് കഴിഞ്ഞിരുന്നത്’ എന്നും സിമി പറഞ്ഞു.

‘ഇന്നലെ കേസ് വന്നപ്പോഴാണ് കാര്യങ്ങള്‍ അറിഞ്ഞത്. ബിജുവേട്ടന്‍ ഓണ്‍ലൈന്‍ വഴി റമ്മി കളിച്ചെന്നും അതില്‍ ലാഭനഷ്ടം ഉണ്ടായെന്നും നേരത്തെ പറഞ്ഞിരുന്നു. അതിലൂടെ കിട്ടിയ പണം ബാങ്ക് അക്കൗണ്ടിലേക്കും അവിടെ നിന്ന് വേറെ അക്കൗണ്ടിലേക്കും മാറ്റിയെന്ന് ബിജുവേട്ടന്‍ പറഞ്ഞു. ഇതറിഞ്ഞപ്പോള്‍ ഞാന്‍ ബഹളം വെച്ചു. അന്നേരം ഫോണെടുക്കാതെ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയി. ഞാന്‍ കേസില്‍ ഒരു തെറ്റും ചെയ്തിട്ടില്ല. തട്ടിപ്പിന് കൂട്ടുനിന്നിട്ടില്ല. പൊലീസ് എന്നെയും പ്രതിചേര്‍ത്തുവെന്ന് അറിഞ്ഞു. പോലീസ് രണ്ട് മൂന്ന് വട്ടം വീട്ടില്‍ വന്നു. കാര്യങ്ങള്‍ അവരോട് വിശദമായി പറഞ്ഞുകൊടുത്തതുമാണ്. എന്റെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. അഴിമതിക്കാരനല്ലാത്ത നല്ല ഉദ്യോഗസ്ഥനെ കൊണ്ട് കേസ് വസ്തുനിഷ്ഠമായി അന്വേഷിക്കണം, എല്ലാം പുറത്തുവരും. ഞാനൊന്നും അറിഞ്ഞിട്ടില്ല, എന്നെ പ്രതിയാക്കുന്നത് എന്നോടും എന്റെ കുടുംബത്തോടും ചെയ്യുന്ന ക്രൂരതയാണെന്നും അവര്‍ പറഞ്ഞു.

Share this story