കൊവിഡ് മരണം മറച്ചുവെക്കുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് ആരോഗ്യമന്ത്രി

കൊവിഡ് മരണം മറച്ചുവെക്കുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് മരണം മറച്ചുവെക്കുന്നുവെന്ന പ്രചാരണം ശരിയല്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ആലപ്പുഴ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ഫലവും മെഡിക്കൽ റിപ്പോർട്ടും അടിസ്ഥാനമാക്കിയാണ് മരണം ഉൾപ്പെടുത്തുന്നത്. കൊവിഡ് ബാധിതരായി മരിച്ചവരെ കൊവിഡ് മരണങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നുണ്ട്

സാമ്പിളുകൾ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയക്കേണ്ടി വരുന്നതിനാലാണ് താമസം വരുന്നത്. മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയ മരണങ്ങൾ പിന്നീട് ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. അന്തർദേശീയ മാനദണ്ഡങ്ങൾ അനുസരിച്ചാണ് സംസ്ഥാനത്തും കൊവിഡ് മരണങ്ങൾ കണക്കാക്കുന്നത്.

ഒരാൾ കൊവിഡ് സംശയിക്കുന്ന സമയത്ത് മരിച്ചുവെന്ന് കരുതി ഈ മരണത്തെ അപ്പോൾ തന്നെ കൊവിഡ് മരണങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ കഴിയില്ല. വിദഗ്ധപരിശോധനയും വിദഗ്ധ സമിതി പരിശോധനയും കഴിഞ്ഞ ശേഷമാണ് ഇത് സ്ഥിരീകരിക്കുക.

കൊവിഡ് രോഗം മൂർച്ഛിച്ച് അവയവങ്ങളെ ബാധിച്ച് ഗുരുതാവസ്ഥയിലെത്തി മരണമടയുന്നതിനെ മാത്രമേ കൊവിഡ് മരണം എന്ന വിഭാഗത്തിൽ ഉൾപ്പെടുത്താനാകൂവെന്നാണ് ഡബ്ല്യു എച്ച് ഒയുടെ ഗൈഡ് ലൈൻ. ഇക്കാര്യത്തിൽ ആരോഗ്യരംഗത്തെ വിദഗ്ധ സംഘമാണ് അന്തിമ തീരുമാനം എടുക്കുന്നതെന്നും മന്ത്രി അറിയിച്ചു

Share this story