പ്രതിപക്ഷ നേതാവിന് ഇരട്ടമുഖം, ഇവരിൽ നിന്ന് വേറെന്ത് പ്രതീക്ഷിക്കാനാണ്; കുത്തിത്തിരിപ്പ് കൊണ്ടുവരരുതെന്ന് മുഖ്യമന്ത്രി

പ്രതിപക്ഷ നേതാവിന് ഇരട്ടമുഖം, ഇവരിൽ നിന്ന് വേറെന്ത് പ്രതീക്ഷിക്കാനാണ്; കുത്തിത്തിരിപ്പ് കൊണ്ടുവരരുതെന്ന് മുഖ്യമന്ത്രി

കൊവിഡ് പ്രതിരോധത്തിൽ പോലീസിനും ചുമതലയേൽപ്പിച്ചതിനെ രാഷ്ട്രീയ ആരോപണങ്ങളിലേക്ക് വലിച്ചിഴച്ച പ്രതിപക്ഷത്തെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോണ്ടാക്ട് ട്രേസിംഗ് മികച്ച രീതിയിൽ നടത്തിയേ മതിയാകൂ. ആരോഗ്യപ്രവർത്തകരെ പൂർണമായി ഒഴിവാക്കിയെന്ന തോന്നലിനെ രാഷ്ട്രീയമായി ഉപയോഗിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്.

സംസ്ഥാനത്തെ പോലീസ് രാജ് ആക്കാൻ ശ്രമിക്കുന്നുവെന്നാണ് പ്രതിപക്ഷ നേതാവ് ആരോപിച്ചത്. എന്ത് കണ്ടിട്ടാണ് ഈ ആരോപണം. ഒരു വശത്ത് ആരോഗ്യ പ്രവർത്തകരെ ആക്ഷേപിക്കുന്നുവെന്ന് പറയുക. മറുപക്ഷത്ത് പോലീസ് ഇടപെടൽ മരവിപ്പിക്കുക. ഇതോടെ കൊവിഡ് സംസ്ഥാനത്ത് പടരും. ഇതറിയാത്ത ആളാണോ പ്രതിപക്ഷ നേതാവ്. എന്തിനാണ് ഈ ഇരട്ട മുഖം

പലതരത്തിലുള്ള പ്രതീക്ഷയോടെ ഇരുന്ന ആളുകളുണ്ടല്ലോ. പ്രളയം വരും, വരൾച്ച വരും എന്നൊക്കെ. ഇവരിൽ നിന്ന് വേറെന്ത് പ്രതീക്ഷിക്കാനാണ്. കൊവിഡ് പ്രതിരോധം മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോകുക എന്നതാണ് സർക്കാർ ലക്ഷ്യം. നമ്മളേറെ മുന്നിലാണ്. എന്നിട്ടും സർക്കാർ പരാജയപ്പെട്ടുവെന്നാണ് പറയുന്നത്. ആരോടാണിത് പറയുന്നത്. ജനങ്ങളോടോ. ജനങ്ങളിൽ എല്ലാവരുമില്ലേ, ഒരു വിഭാഗക്കാർ മാത്രമാണോയുള്ളത്.

ജനങ്ങൾ ഒരുമയോടെ കൊവിഡ് പ്രതിരോധത്തിൽ അണിനിരക്കുന്നു. ആക്ഷേപങ്ങൾക്ക് വില കൽപ്പിച്ചെങ്കിൽ ഇന്നത്തെ കാഴ്ചയുണ്ടാകുമോ. ജനങ്ങൾ എല്ലാം തിരിച്ചറിയുന്നുണ്ട്. വിമർശനങ്ങളെ പോസിറ്റീവായി എടുക്കുന്ന സർക്കാരാണിത്. പക്ഷേ തെറ്റായ പ്രചാരണങ്ങളും കുത്തിത്തിരിപ്പും കൊണ്ടുവരരുത്. കെട്ടുകഥകൾ കൊണ്ടുവന്നാൽ സർക്കാരിന് ഒന്നും ചെയ്യാനാകില്ല. അത് ചുമക്കുന്നവർ തന്നെ പേറണമെന്നും മുഖ്യമന്ത്രി പറഞ്ഞു

Share this story