വിചാരണ നടപടി സ്റ്റേ ചെയ്‌തില്ല; ഫ്രാങ്കോ മുളയ്ക്കലിൻ്റെ ഹർജി തള്ളി സുപ്രീം കോടതി

വിചാരണ നടപടി സ്റ്റേ ചെയ്‌തില്ല; ഫ്രാങ്കോ മുളയ്ക്കലിൻ്റെ ഹർജി തള്ളി സുപ്രീം കോടതി

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി ഫ്രാങ്കോ മുളയ്ക്കലിൻ്റെ ഹർജി തള്ളി സുപ്രീം കോടതി. കേസിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോ നൽകിയ വിടുതൽ ഹർജിയാണ് കോടതി തള്ളിയത്. നേരത്തെ കേരള ഹൈക്കോടതിയിലും കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയിലും ഹർജി നൽകിയിരുന്നു. ഇത് തള്ളിയതോടെയാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. വിചാരണ നടപടികൾ കോടതി സ്റ്റേ ചെയ്‌തില്ല.

കന്യാസ്ത്രീയുടെ മൊഴിയിൽ വൈരുദ്ധമുണ്ടെന്നും ആരോപണം കെട്ടിച്ചമച്ചതാണെന്നുമായിരുന്നു ഫ്രാങ്കോയുടെ വാദം. എന്നാൽ ഹർജിയിൽ കഴമ്പില്ലെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ വ്യക്തമാക്കി. വിചാരണ നേരിടണമെന്ന് കോടതി അറിയിച്ചു. ഇത് ചോദ്യം ചെയ്യാൻ ശ്രമിച്ച പ്രതിഭാഗം അഭിഭാഷകനോട് ആത്മീയ ശക്തി കൊണ്ട് കോടതിയെ എതിർക്കാനാണോ നോക്കുന്നതെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.

കേസിൽ ഫ്രാങ്കോ മുളയ്ക്കൽ വിചാരണ നേരിടണമെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കന്യാസ്ത്രീയുടെ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയതിനെ തുടർന്നായിരുന്നിത്. ഇതിന് ശേഷം ജൂലൈ 13 ന് കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി ഫ്രാങ്കോയുടെ ജാമ്യം റദ്ദാക്കിയിരുന്നു. തുടർച്ചയായ പതിനാലാം തവണയും വിചാരണയ്ക്ക് ഹാജരാകാതിരുന്ന സാഹചര്യത്തിലാണ് സെഷൻസ് കോടതി ജാമ്യം റദ്ദാക്കിയത്. അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെ മുളയ്ക്കലിന് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

ജലന്തറിൽ ഫ്രാങ്കോ മുളയ്ക്കൽ താമസിക്കുന്ന പ്രദേശം കണ്ടെയ്ൻമെന്റ് സോണാക്കിയത് കൊണ്ടാണ് കോടതിയിൽ ഹാജരാകാൻ സാധിക്കാതിരുന്നത് എന്നാണ് ഇതിന് മുൻപ് പ്രതിഭാഗം സെക്ഷൻസ് കോടതിയെ അറിയിച്ചത്. എന്നാൽ ഈ പ്രദേശം കണ്ടെയ്ൻമെന്റ് സോൺ അല്ലെന്നും പ്രതിഭാഗം കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും സ്പെഷ്യൽ പ്രോസിക്യൂട്ടർ കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട രേഖകൾ കോടതിയിൽ ഹാജരാക്കിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് കോടതി ജാമ്യം റദ്ദാക്കിയത്.

Share this story