അതിതീവ്ര മഴയ്ക്ക് സാധ്യത: ആറ് ജില്ലകളിൽ റെഡ് അലർട്ട്; വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

അതിതീവ്ര മഴയ്ക്ക് സാധ്യത: ആറ് ജില്ലകളിൽ റെഡ് അലർട്ട്; വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

കേരളത്തിൽ വിവിധയിടങ്ങളിൽ അടുത്ത ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പൊതുജനങ്ങളോടും സർക്കാർ സംവിധാനങ്ങളോടും ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കം എന്നിവ മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യറെടുപ്പുകൾ നടത്താനും അതീവ ജാഗ്രത പാലിക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിക്കുന്നു.*

2020 ഓഗസ്റ്റ് 7 : പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട്.

2020 ഓഗസ്റ്റ് 8 : ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട്.

എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിതീവ്ര മഴ (Extremely Heavy) മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.5 mm ൽ കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യതയാണിത്. ഇത്തരത്തിൽ അതിതീവ്ര മഴ ലഭിക്കുന്നത് അപകട സാധ്യത വർധിപ്പിക്കും. ഈ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഏറ്റവും ഉയർന്ന അലേർട്ട് ആയ ‘റെഡ്’ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. അതീവ ജാഗ്രത പുലർത്തേണ്ടതാണ്.

നിലവിൽ കഴിഞ്ഞ 4 ദിവസമായി ശക്തമായ മഴ ലഭിക്കുന്ന വയനാട്, ഇടുക്കി ജില്ലകളിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ള പത്തനംതിട്ട, കോട്ടയം ജില്ലകളിലും മലപ്പുറം ജില്ലയിലെ കിഴക്കൻ മേഖലയിലും ദുരന്ത സാധ്യത മേഖലകളിൽ ഉള്ളവരെ ഉടനെ തന്നെ മുൻകരുതലിന്റെ ഭാഗമായി ക്യാമ്പുകളിലേക്ക് മാറ്റേണ്ടതാണ്. രാത്രി സമയങ്ങളിൽ മഴ ശക്തിപ്പെടുന്ന സാഹചര്യം കാണുന്നതിനാൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ മുൻകരുതലിനായി പകൽ സമയം തന്നെ നിർബന്ധപൂർവ്വം ആളുകളെ മാറ്റി താമസിപ്പിക്കേണ്ടതാണ്.

മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്. വൈകീട്ട് 7 മുതൽ പകൽ 7 വരെയുള്ള സമയത്തുള്ള മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം നിരോധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നതാണ്. ഇതിനോട് പൊതുജനങ്ങൾ പൂർണ്ണമായും സഹകരിക്കണം.

2020 ഓഗസ്റ്റ് 7 :കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്

2020 ഓഗസ്റ്റ് 8 : പത്തനംതിട്ട, ആലപ്പുഴ , കോട്ടയം, എറണാകുളം,മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്

2020 ഓഗസ്റ്റ് 9 : ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

2020 ഓഗസ്റ്റ് 7 : തിരുവനന്തപുരം

2020 ഓഗസ്റ്റ് 8 : തിരുവനന്തപുരം, കൊല്ലം.

2020 ഓഗസ്റ്റ് 9 : ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്.

2020 ഓഗസ്റ്റ് 10 : മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്.

2020 ഓഗസ്റ്റ് 11 : കണ്ണൂർ, കാസറഗോഡ്.

എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് Yellow അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിതീവ്ര മഴക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നതിനാൽ പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കേണ്ടതാണ്. റെഡ്, ഓറഞ്ച്, മഞ്ഞ അലേർട്ട് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ജില്ലകളിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.

പശ്ചിമഘട്ട മലനിരകളിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യം കേരളത്തിലെ മറ്റ് ജില്ലകളെയും ബാധിക്കും എന്നതിനാൽ വടക്കൻ കേരളത്തിലും മധ്യ-കേരളത്തിലുമാകെ ജാഗ്രത പുലർത്തേണ്ടതുണ്ട്.

പുറപ്പെടുവിച്ച സമയം-1 PM, 07/08/2020
കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

Share this story