വീട്ടിലുണ്ടാക്കിയ ഐസ്‌ക്രീം കഴിച്ച് അവശനിലയിലായ 16കാരി മരിച്ചു, കുടുംബാംഗങ്ങളും ആശുപത്രിയിൽ; ബളാൽ സംഭവത്തിൽ അടിമുടി ദുരൂഹത

വീട്ടിലുണ്ടാക്കിയ ഐസ്‌ക്രീം കഴിച്ച് അവശനിലയിലായ 16കാരി മരിച്ചു, കുടുംബാംഗങ്ങളും ആശുപത്രിയിൽ; ബളാൽ സംഭവത്തിൽ അടിമുടി ദുരൂഹത

കാസർകോട് ബളാൽ അരീങ്കല്ലിൽ പതിനാറുകാരിയുടെ മരണത്തിൽ അടിമുടി ദുരൂഹത. വീട്ടിലുണ്ടാക്കിയ ഐസ്‌ക്രീം കഴിച്ച് അവശനിലയിലായ പെൺകുട്ടിയെ ചെറുപുഴ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ബുധനാഴ്ച വൈകുന്നേരമാണ് കുട്ടി മരിച്ചത്. വിഷം ഉള്ളിൽ ചെന്നാണ് മരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.

ആൻമേരിയെന്ന പതിനാറുകാരിയാണ് മരിച്ചത്. എലിവിഷമാണ് കുട്ടിയുടെ ഉള്ളിലെത്തിയിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം. ഇതിന്റെ രാസപരിശോധന നടക്കുന്നതേയുള്ളു. ആൻമേരിയുടെ പിതാവ് ബെന്നി, മാതാവ് ബെസി, സഹോദരൻ ആൽബിൻ എന്നിവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതോടെയാണ് സംഭവത്തിൽ ദുരൂഹത ഉടലെടുത്തത്.

പെൺകുട്ടിയുടെ കുടുംബം താമസിക്കുന്നത് ബളാലായതിനാൽ കേസ് വെള്ളരിക്കുണ്ട് പോലീസിന് കൈമാറിയതോടെ ചെറുപുഴ എസ് ഐ അറിയിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ബെന്നിയുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. മാതാവും സഹോദരനും ആശുപത്രി വിട്ടു.

ഒരാഴ്ച മുമ്പാണ് ആൻമേരിയും സഹോദരനും ചേർന്ന് വീട്ടിൽ ഐസ്‌ക്രീം ഉണ്ടാക്കിയത്. തൊട്ടടുത്ത ദിവസം ആൻമേരിക്ക് ഛർദിയും വയറുവേദനയും ആരംഭിച്ചു. വെള്ളരിക്കുണ്ടിലെ ആശുപത്രിയിൽ നിന്ന് നേരെ ചെറുപുഴയിലേക്ക് കൊണ്ടുവരികയായിരുന്നു. മഞ്ഞപ്പിത്ത ബാധയെന്നായിരുന്നു ആദ്യ സംശയം. ബുധനാഴ്ച ആറരയോടെ കുട്ടി മരിച്ചു. ബെന്നിയും ബെസിയും ആൽബിനും സമാന ലക്ഷണങ്ങളോടെ തൊട്ടുപിന്നാലെ ആശുപത്രിയിൽ പ്രവേശിച്ചതോടെയാണ് കേസിൽ വിശദമായ അന്വേഷണം നടത്താൻ പോലീസ് തീരുമാനിച്ചത്.

Share this story